പാലക്കാട്: സ്ത്രീകളുടെ പിന്നാലെയെത്തി ഉടുമുണ്ട് ഉരിഞ്ഞ് അവരുടെ മുഖം മറച്ചശേഷം കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ക്രൂര പീഡനത്തിന് ഇരയാക്കുന്ന സ്ഫടികം വിഷ്‍ണു അറസ്റ്റിൽ. വീട്ടമ്മയുടെ പരാതിയിലാണ് കൊടുമ്പ് സ്വദേശി വിഷ്ണുവിനെ പാലക്കാട് സൗത്ത് പോലീസ് പിടികൂടിയത്.
മോഹൻലാലിന്‍റെ സൂപ്പർഹിറ്റ് സിനിമയായ ‘സ്ഫടിക’ ത്തിലെ ആടുതോമയുടെ രീതിയിൽ മുണ്ട് പറിക്കുന്നതിനാലാണ് സ്ഫടികം വിഷ്ണു എന്ന ഇരട്ടപ്പേര് ഇയാൾക്കു ലഭിച്ചത്.
ജോലികഴിഞ്ഞ് വൈകുന്നേരങ്ങളിൽ ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുന്ന സ്ത്രീകളെ നിരീക്ഷിക്കും. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ആക്രമിക്കാൻ പദ്ധതിയിടും.
സ്വന്തം ഉടുമുണ്ട് അഴിച്ചെടുത്ത് സ്ത്രീകളുടെ പിന്നാലെയെത്തി മുണ്ട് അവരുടെ മുഖത്ത് ചുറ്റി ആളെ മനസിലാക്കാൻ കഴിയാത്ത സാഹചര്യമൊരുക്കും. വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു രീതി.
സമാന രീതിയിൽ സ്ത്രീകൾക്ക് നേരെ വ്യത്യസ്ത ആക്രമണങ്ങൾ ഇയാൾ നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മാനഹാനി ഭയന്ന് പലരും പുറത്തു പറയാത്ത സാഹചര്യമുണ്ടായിരുന്നു.
കഴിഞ്ഞദിവസം കൊടുമ്പ് സ്വദേശിനിയുടെ നേർക്കും മുണ്ടു മൂടിയുള്ള അതിക്രമം വിഷ്ണു നടത്തി. കൃത്യമായ സൂചന പിന്തുടർന്നാണ് വിഷ്ണുവിനെ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്.
വിഷ്ണു പിടിയിലായ വിവരമറിഞ്ഞ് കൊടുമ്പിലും പരിസരത്തും സമാനമായ അതിക്രമം നടത്തിയ വിവരങ്ങളുമായി പലരും പോലീസിനെ സമീപിക്കുന്നുണ്ട്. പാലക്കാട് കോടതി വിഷ്ണുവിനെ റിമാൻഡ് ചെയ്തു.