കാക്കനാട്: കാക്കനാട് കൂട്ടബലാത്സംഗക്കേസിൽ സിഐക്കെതിരേ പരാതി പീഡന പരാതി നൽകിയത് ഭർത്താവിന്റെ സമ്മർദം മൂലമെന്ന് യുവതി സമ്മതിച്ചതായി പോലീസ്.
ഇതോടെ സംഭവുമായി ബന്ധപ്പെട്ട് ഇന്നലെ കസ്റ്റഡിയിലെടുത്ത സിഐ അടക്കമുള്ളവരെയെല്ലാം രാത്രിയോടെ വിട്ടയച്ചു.
തൃക്കാക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന 22 കാരിയായ വീട്ടമ്മ, കോഴിക്കോട് കോസ്റ്റൽ സ്റ്റേഷൻ സിഐ അടക്കം ഏഴുപേക്കെതിരേ ശനിയാഴ്ചയാണ് ജില്ലാ പോലീസ് മേധാവിക്ക് പീഡന പരാതി നൽകിയത്.
യുവതിയുടെ മൊഴി ലഭിച്ചതോടെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് തൃക്കാക്കര സിഐ ആർ. ഷാബുവിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം ഇന്നലെ വെളിപ്പിന് കോഴിക്കോട്നിന്നും സിഐ പി.ആർ. സുനുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇതിനിടെ യുവതിയുടെ മൊഴിൽ പറയുന്ന വീട്ടുജോലിക്കാരി വിജയലക്ഷ്മി, രാജീവ്, അഭിലാഷ്, വീട്ടമ്മയുടെ ഭർത്താവിന്റെ സുഹൃത്ത് ശശി എന്നിവരെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത് രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തു.
ഇതിനിടെ ഉച്ചയോടെ കോസ്റ്റൽ സ്റ്റേഷൻ സിഐ പി.ആർ. സുനുവിനെ കളമശേരിയിലെത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. യുവതി പരാതിയിൽ പറഞ്ഞ ദിവസം സിഐ ജില്ലയിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.
മൊബൈൽ ടവർ ലൊക്കേഷനും അദേഹത്തിന്റെ മൊഴി സാധൂകരിക്കുന്നതായിരുന്നു. തുടർന്ന് യുവതിയെ വീണ്ടും ചോദ്യം ചെയ്തതോടെ പരാതി നൽകിയത് ഭർത്താവിന്റെ സമ്മർദം മൂലമെന്ന് യുവതി പറയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
മൊഴിയെടുപ്പ് അതീവ രഹസ്യമായി
വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയത് അതീവ രഹസ്യമായായിരുന്നു. ഡിസിപി എസ്. ശശിധരൻ, തൃക്കാക്കര സിഐ ആർ. ഷാബു, ഹിൽപാലസ് വനിതാ എസ്ഐ, തൃക്കാക്കരയിലെ രണ്ട് വനിതാ പോലീസുകാരുമായി രാത്രിക്ക് തന്നെ അതീവ രഹസ്യമായി വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയത്.
മണിക്കൂറുകൾക്കകം കോഴിക്കോട് പോലീസ് കോസ്റ്റൽ സിഐ പി. ആർ. സുനുവിനെ കസ്റ്റഡിയിൽ എടുക്കാൻ അന്വേഷണ സംഘം പുറപ്പെടുകയായിരുന്നു.
പീഡനം 2021 മുതൽ
2021 മുതൽ പീഡനത്തിനിരയാവുകയായിരുന്നതായാണ് യുവതി പോലീസിന് നൽകിയിട്ടുള്ള പരാതിയിൽ പറയുന്നത്. ഭർത്താവിന്റെ സുഹൃത്താണ് കടവന്ത്രയിലെ വാടക വീട്ടിൽവച്ച് പീഡിപ്പിക്കുന്നത്.
2022 മെയ് മാസത്തിൽ തൃക്കാക്കരയിലെ വാടക വീട്ടിൽ വച്ച് വീട്ടുജോലിക്കാരിയുടെ സഹായത്തോടെ പലതവണ പ്രതികൾ പീഡിപ്പിച്ചതായാണ് പരാതി.
പരാതിപ്പെട്ടാൽ ജീവനുവരെ ഭീഷണി ഉണ്ടാകുമെന്നും ജയിലിൽ കഴിയുന്ന ഭർത്താവിനെതിരേ കൂടുതൽ നടപടി ഉണ്ടാകുമെന്നും ഭയമാണ് പരാതി നൽകാൻ വൈകിയതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.