തങ്ങളുടെ പ്രിയ താരങ്ങൾ മൈതാനത്ത് നിറഞ്ഞാടുന്നത് കണ്ട് മടങ്ങുന്ന ലോകകപ്പ് ആരാധകർക്ക് ഫുട്ബോൾ ലഹരിയുടെ ആവേശം ഒട്ടും ചോരാതെ കടലിൽ ഒഴുകിനടന്ന് വിശ്രമിക്കാം. ഇതിനായി മൂന്നു ക്രൂയിസ് കപ്പലുകളാണ് നങ്കൂരമിടുന്നത്.
ഫിഫ ലോകകപ്പ് ഖത്തർ 2022ന് ഫ്ലോട്ടിംഗ് ഹോട്ടലുകളായി എംഎസ്സി വേൾഡ് യൂറോപ്പ, എംഎസ്സി പൊയസിയ, എംഎസ്സി ഓപ്പറ എന്നിങ്ങനെ മൂന്നു ആഡംബര കപ്പലുകളാണ് തയാറായിരിക്കുന്നത്. ഇതിൽ ആദ്യത്തേതായ എംഎസ്സി വേൾഡ് യൂറോപ്പ ഖത്തറിലെത്തി.
നവംബർ 19 മുതൽ ഡിസംബർ 19 വരെയാണ് ആരാധകർക്കായി ഫ്ലോട്ടിംഗ് ഹോട്ടലായി ദോഹയിലെ ഗ്രാൻഡ് ടെർമിനലിൽ നങ്കൂരമിടുക. 22 നിലകളുള്ള ആഡംബര കപ്പലിൽ 6000 ത്തോളം അതിഥികളെ ഉൾക്കൊള്ളാൻ കഴിയും.
മറ്റ് രണ്ട് ആഡംബര കപ്പലുകൾളായ എംഎസ്സി പൊയസിയ, എംഎസ്സി ഓപ്പറ എന്നിവയും ഉടൻതന്നെ ദോഹയിലേക്ക് പുറപ്പെടും. മൂന്ന് കപ്പലുകളിലെയും മുറികൾക്ക് 220 മുതൽ 469 ഡോളർ വരെയാണ് നിരക്ക്.