ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതരായ നാലു ശ്രീലങ്കക്കാരെ ജന്മനാട്ടിലേക്കു തിരിച്ചയയ്ക്കാനുള്ള നടപടികൾക്കു തുടക്കം.
മൂന്നുപതിറ്റാണ്ടായി ജയിലിൽത്തുടർന്ന ഏഴു പ്രതികളെ സുപ്രീംകോടതി നിർദേശപ്രകാരം കഴിഞ്ഞദിവസം മോചിപ്പിച്ചിരുന്നു. ഇതിൽ ശ്രീലങ്കക്കാരായ മുരുകൻ, ശാന്തൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരെ ട്രിച്ചിയിലെ അഭയാർഥി ക്യാന്പിലേക്കു താത്കാലികമായി മാറ്റുകയായിരുന്നു.
നാലുപേരുടെയും വിശദാംശങ്ങൾ ശ്രീലങ്കയ്ക്ക് കൈമാറി അവർ ലങ്കൻ പൗരന്മാരാണെന്ന സ്ഥിരീകരണം നേടിയശേഷമായിരിക്കും തിരിച്ചയയ്ക്കുക.
ജില്ലാകലക്ടർ എം. പ്രദീപ് ഇന്നലെ ക്യാന്പിലെത്തി പരിശോധന നടത്തി.പത്തുദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാലുപേരെയും തിരിച്ചയക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കലക്ടർ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
നാലുപേർക്കും ആവശ്യപ്പെടുന്ന ഭക്ഷണമുൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി അനുമതി വാങ്ങിയെത്തുന്ന ബന്ധുക്കൾക്ക് കൂടിക്കാഴ്ചയ്ക്കും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജീവ് ഗാന്ധിയെ കൊലപ്പെടുത്താനെത്തിയ സംഘത്തിലെ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായ നളിനി ഉൾപ്പെടെ ഏഴു പ്രതികളെയാണ് കഴിഞ്ഞദിവസം മോചിപ്പിച്ചത്.
നളനിയുടെ ഭർത്താവാണ് മുരുകൻ. ഇന്ത്യയിൽ തുടരാൻ മുരുകന് അനുമതി നൽകണമെന്ന് കഴിഞ്ഞദിവസം നളിനി ആവശ്യപ്പെട്ടിരുന്നു.