കാഞ്ഞങ്ങാട്: കെപിസിസി മുന്‍ വൈസ് പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനുമായ സി.കെ. ശ്രീധരന് സിപിഎമ്മിലേക്ക്.
17 ന് കാസര്‍ഗോഡ് പത്രസമ്മേളനത്തില്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 19ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ശ്രീധരന് സ്വീകരണമൊരുക്കുമെന്നാണ് സൂചന.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന സി.കെ. ശ്രീധരന് സിപിഎം പ്രതിസ്ഥാനത്തുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ വാദിഭാഗത്തിനായി ഹാജരായിരുന്നു.
മറുവശത്ത് ചീമേനി കൂട്ടക്കൊലയും നാല്പാടി വാസു വധക്കേസും ഉള്‍പ്പെടെ നിരവധി കേസുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികളെ കുറ്റവിമുക്തരാക്കുന്നതിലും മുഖ്യപങ്ക് വഹിച്ചിരുന്നു.
ജില്ലയില്‍ കെ.കരുണാകരന്റെ വിശ്വസ്ത അനുയായിയായിരുന്ന ശ്രീധരന് ഡിഐസി രൂപീകരിച്ച സമയത്ത് ജില്ലാ പ്രസിഡന്റായിരുന്നു. പിന്നീട് കരുണാകരനൊപ്പം പാര്‍ട്ടിയിലേക്ക് മടങ്ങുകയും ഡിസിസി പ്രസിഡന്റാവുകയും ചെയ്തു.
1991 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഇ.കെ.നായനാര്‍ക്കെതിരെ ശക്തമായ മത്സരം കാഴ്ചവെച്ചു. പിന്നീട് ഉദുമയില്‍നിന്നും നിയമസഭയിലേക്ക് മത്സരിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്താണ് സി.കെ.ശ്രീധരനെ കെപിസിസി വൈസ് പ്രസിഡന്റായി നിയമിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ മുല്ലപ്പള്ളി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറിയതോടെ ശ്രീധരന് വൈസ് പ്രസിഡന്റ് സ്ഥാനവും നഷ്ടമായി.
ഇതിനുശേഷം പാര്‍ട്ടിയിലും കെപിസിസിയിലും വന്ന പുതിയ നേതൃത്വവുമായി അദ്ദേഹം അകല്‍ച്ചയിലായിരുന്നു. ഒരു മാസം മുമ്പ് കാഞ്ഞങ്ങാട്ട് സി.കെ.ശ്രീധരന്റെ ആത്മകഥാ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാനായി മാത്രം മുഖ്യമന്ത്രി പിണറായി വിജയന് എത്തിയതോടെതന്നെ അദ്ദേഹം സിപിഎമ്മുമായി അടുക്കുകയാണെന്ന സൂചനകളുണ്ടായിരുന്നു.