കൊച്ചി: കേരളത്തിലും വിദേശത്തുമായി സ്റ്റേജ് ഷോ നടത്താമെന്നു പറഞ്ഞ് 39 ലക്ഷം രൂപ തട്ടിയെടുത്തെന്ന സണ്ണി ലിയോണിനെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു.
കേസ് റദ്ദാക്കാൻ ബോളിവുഡ് നടി സണ്ണി ലിയോണ്‍, ഭർത്താവ് ഡാനിയൽ വെബർ, ഇവരുടെ കന്പനി ജീവനക്കാരൻ സുനിൽ രജനി എന്നിവർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നടപടി.
പെരുന്പാവൂർ അറയ്ക്കപ്പടി സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജിക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
2018- 19 കാലഘട്ടത്തിൽ തട്ടിപ്പു നടത്തിയെന്നാണ് കേസ്. എന്നാൽ ഷോ നടത്താമെന്നു പറഞ്ഞു പണം തരാതെ തന്നെയാണ് പരാതിക്കാരൻ പറ്റിച്ചതെന്ന് സണ്ണി ലിയോണിന്റെ ഹർജിയിൽ പറയുന്നു.
2018 മേയ് 11 നു കോഴിക്കോട്ട് ഷോ നടത്താനായിരുന്നു തീരുമാനിച്ചതെന്നും സംഘാടകർ ഇതിനു 30 ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചെന്നും ഹർജിയിൽ പറയുന്നു. 15 ലക്ഷം രൂപ മുൻകൂറായി നൽകി.
പിന്നീട് ഷോ 2018 ഏപ്രിൽ 27 ലേക്ക് മാറ്റണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് ഷോ മേയ് 26 ലേക്ക് മാറ്റാൻ വീണ്ടും ആവശ്യപ്പെട്ടു.
ഈ സമയത്ത് ഷോയുടെ ബെഹറ്നിലെയും തിരുവനന്തപുരത്തെയും കോ ഓർഡിനേറ്ററാണെന്ന് പരിചയപ്പെടുത്തി ഷിയാസ് രംഗത്തു വന്നെന്നും ഹർജിയിൽ പറയുന്നു. പ്രളയവും കാലാവസ്ഥാ പ്രശ്നങ്ങളും നിമിത്തം പിന്നീടു പലതവണ ഡേറ്റു മാറ്റി.
ഒടുവിൽ കൊച്ചിയിൽ 2019 ഫെബ്രുവരി 14 നു വാലന്‍ൈറൻസ് ദിനത്തിൽ ഷോ നടത്താൻ സംഘാടകർ തയാറായി. ഷോ സംബന്ധിച്ച വിവരങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രസിദ്ധപ്പെടുത്തി.
മാത്രമല്ല, ജനുവരി അവസാനത്തിന് മുന്‍പ് പണം മുഴുവൻ നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ തനിക്ക് പണം നൽകാത്തതിനാൽ ഷോ നടത്തിയില്ലെന്നും ഹർജിക്കാരി പറയുന്നു.