കൊച്ചി: സ്വിഗ്ഗി ജീവനക്കാരുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് തൊഴിലാളികൾ.
തൊഴിലാളി അവകാശ നിഷേധത്തിനെതിരേ ഇന്ന് മറൈൻഡ്രൈവ് കോണ്‍വെന്റ് റോഡിലെ കൊച്ചി സോണൽ ഓഫീസിലേക്ക് ഭക്ഷണ വിതരണ തൊഴിലാളികൾ മാർച്ച് നടത്തും.
എറണാകുളം, അങ്കമാലി, ഇടപ്പള്ളി, കാക്കനാട് സോണുകളിലെ തൊഴിലാളികൾ മാർച്ചിൽ പങ്കെടുക്കും. വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനാണ് തൊഴിലാളികളുടെ നീക്കം.
സമരത്തെത്തുടർന്ന് കച്ചവടത്തിൽ കുറവ് വന്നിട്ടുള്ളതായി കടയുടമകൾ വ്യക്തമാക്കി. സമരംമൂലം കന്പനി നിലവിലുള്ള തൊഴിലാളികൾക്ക് പകരം ഭക്ഷണ വിതരണത്തിന് ബദൽ സംവിധാനം ഒരുക്കുന്നതിനെതിരേ തൊഴിലാളികൾ രംഗത്തെത്തി.
കൊച്ചി നഗരത്തിലടക്കം ഭക്ഷണവിതരണത്തിന് വൻ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കന്പനി തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിനായി ബദൽ സംവിധാനത്തെ ആശ്രയിച്ചത്.
സമാന്തര ഭക്ഷണ വിതരണത്തിനായി മറ്റൊരു കന്പനിയിലെ ജീവനക്കാരെ സ്വിഗ്ഗി നിയമിച്ചെങ്കിലും ഇവരെ സമരക്കാർ തടയുന്ന സാഹചര്യവും നഗരത്തിലുണ്ടായി.
സമരത്തിൽ അണിനിരന്നിട്ടുള്ള ഒരുവിഭാഗം ജീവനക്കാരുടെ സ്വിഗ്ഗി അക്കൗണ്ടുകൾ കന്പനി മരവിപ്പിച്ചു. നാല് കിലോമീറ്ററിലധികം ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുക 20 രൂപയാണ്.
ഈ എട്ട് കിലോമീറ്റർ യാത്രക്ക് 20 രൂപയിൽ നിന്ന് 35 രൂപയാക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. ഇതിന് കന്പനി തയാറാകാതിരുന്നതോടെയാണ് അനിശ്ചിതകാല ലോഗൗട്ട് സമരം ജീവനക്കാർ പ്രഖ്യാപിച്ചത്. ജില്ലയിൽ ഭക്ഷണ വിതരണം അവതാളത്തിലായിട്ടുണ്ട്.