തിരുവനന്തപുരം : സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീവച്ച കേസ് അന്വേഷണം ഇനി പ്രത്യേക സംഘത്തിന്. ക്രൈംബ്രാഞ്ചിൽ നിന്നും കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
എസ് പി പി.പി. സദാനന്ദൻ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവൻ. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ ദിനരാജ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ആർ.ബിജു , സിഐ സുരേഷ്കുമാർ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ട്.
ആശ്രമം കത്തിച്ചത് ആർഎസ്എസ് പ്രവർത്തകനായ പ്രകാശ് എന്നയാളാണെന്ന് സഹോദരൻ പ്രശാന്ത് മൊഴി നൽകിയതിനെത്തുടർന്നാണ് അന്വേഷണം വഴിത്തിരിവിലെത്തിയത്.
കേസന്വേഷണം നടത്തിയിരുന്ന എസ് പി സദാനന്ദൻ കഴിഞ്ഞ ദിവസം തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിൽ നിന്നും കണ്ണൂരിലേക്ക് മാറിയിരുന്നു.
തുടരന്വേഷണത്തിൽ തടസമുണ്ടാകാതിരിക്കാൻ സദാനന്ദനെ തന്നെ തലവനാക്കി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന പ്രകാശ് കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യ ചെയ്തിരുന്നു.
പ്രകാശിന്റെ മരണവും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.ആശ്രമം കത്തിച്ച സംഭവത്തിനുശേഷം നാലുവർഷം കഴിഞ്ഞാണ് പുതിയ വെളിപ്പെടുത്തലുണ്ടായത്.
ആദ്യം സിറ്റിപോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും പ്രയോജനമുണ്ടാകാത്തതിനെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.