ആര്യങ്കാവ് : ആര്യങ്കാവില്‍ യുവാവിനെ വനപാലകര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. മുഖത്ത് അടക്കം പരിക്കേറ്റ ആര്യങ്കാവ് സ്വദേശി സന്ദീപിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കടമാന്‍പാറ ചന്ദന തോട്ടത്തിനു സമീപം ആര്യങ്കാവ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ സന്ദീപ് സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു പരിശോധിക്കാന്‍ ശ്രമിച്ചു.
ഇതിനിടെ സന്ദീപും വനപാലകരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് സന്ദീപിനെ വനപാലകര്‍ കസ്റ്റഡിയില്‍ എടുക്കുകയും ലോക്കപ്പിൽ കെട്ടിയിട്ടു മര്‍ദിക്കുകയുമായിരുന്നുവെന്നു സന്ദീപും നാട്ടുകാരും പറയുന്നു.
വിവരമറിഞ്ഞ് കടമാന്‍പാറ ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ നാട്ടുകാര്‍ തടിച്ചുകൂടി. ഇതോടെ സ്ഥലത്ത് എത്തിയ തെന്മല പോലീസ് ലോക്കപ്പില്‍ കിടന്ന സന്ദീപിനോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ഇതുപ്രകാരം സന്ദീപിനെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രദേശത്ത് വനപാലകര്‍ക്ക് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
സന്ദീപിനെ അകാരണമായി മര്‍ദിച്ച വനപാലകര്‍ക്കെതിരെ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കേരള ഇന്റിപ്പെന്റന്റ് ഫാര്‍മേഴ്സ് അസോസിയേഷന് അംഗം കൂടിയാണ് സന്ദീപ്. കിഫയും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ എത്തിയ പോലീസ് സന്ദീപിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.