ന്യൂയോർക്ക്: ട്വിറ്ററിന്റെ മേധാവി സ്ഥാനം ഏറ്റെടുത്തതു മുതൽ പല പരിഷ്കാരങ്ങളും നടപ്പാക്കുകയാണ് ഇലോൺ മസ്ക്. ഇപ്പോഴിതാ ട്വിറ്ററിലെ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച് പുതിയ നയം പ്രഖ്യാപിച്ചിരിക്കുകയാണ് മസ്ക്. വെള്ളിയാഴ്ചയാണ് അദ്ദേഹം പുതിയ ട്വിറ്റർ നയം പ്രഖ്യാപിച്ചത്.
“പുതിയ ട്വിറ്റർ നയം അഭിപ്രായ സ്വാതന്ത്ര്യമാണ്, പക്ഷേ അത് റീച്ച് കിട്ടാനുള്ള സ്വാതന്ത്ര്യമല്ല’. വിദ്വേഷ, നെഗറ്റീവ് ഉള്ളടങ്ങൾ അടങ്ങിയ ട്വീറ്റുകളെ പ്രോത്സാഹിപ്പിക്കില്ല.
അതിനാൽ ട്വിറ്ററിലേക്ക് പരസ്യങ്ങളോ മറ്റ് വരുമാനമോ ഉണ്ടാകില്ല. ട്വീറ്റുകളെല്ലാം പ്രത്യേകമായി സെർച്ച് ചെയ്തു കണ്ടെത്തണമെന്നും’ മസ്ക് ട്വീറ്റ് ചെയ്തു.
നിരോധിക്കപ്പെട്ടതോ സസ്പെൻഡ് ചെയ്തതോ ആയ ട്വിറ്റർ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാൻ ട്വിറ്റർ പദ്ധതിയിടുന്നതായും അദ്ദേഹം അറിയിച്ചു, എന്നാൽ യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ വിലക്ക് സംബന്ധിച്ച് കമ്പനി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മസ്ക് പറഞ്ഞു.
വിവാദ കനേഡിയൻ പോഡ്കാസ്റ്റർ ജോർദാൻ പീറ്റേഴ്സൺ, വലത് ചായ്വുള്ള ആക്ഷേപഹാസ്യ വെബ്സൈറ്റ് ബാബിലോൺ ബീ, ഹാസ്യതാരം കാത്തി ഗ്രിഫിൻ എന്നിവരുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുമെന്നും മസ്ക് അറിയിച്ചു.
വരും മാസങ്ങളിൽ മണ്ടത്തരമെന്നു തോന്നുന്ന നിരവധി പരിഷ്കാരങ്ങൾ ട്വിറ്റർ നടപ്പിലാക്കുമെന്നും ഏതൊക്കം നന്നാവുമെന്നും ഏതൊക്കെ പാളുമെന്നും നോക്കി ശേഷം നടപടി സ്വീകരിക്കുമെന്നും മസ്ക് വ്യക്തമാക്കിയിരുന്നു.