കൊച്ചി: മോഡലായ യുവതിയെ ഓടുന്ന വാഹനത്തിൽ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. യുവതിയുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ ഓടിക്കൊണ്ടിരുന്ന കാറിൽ വച്ച് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ രാംവാല രഘുവ സ്വദേശി ഡിംപിൾ ലാന്പ (ഡോളി-21), കൊടുങ്ങല്ലൂർ പരാരത്ത് വീട്ടിൽ വിവേക് സുധാകരൻ (26), കൊടുങ്ങല്ലൂർ മേത്തല കുഴിക്കാട്ടു വീട്ടിൽ നിധിൻ മേഘനാഥൻ (35), കൊടുങ്ങല്ലൂർ കാവിൽ കടവ് തായ്ത്തറ വീട്ടിൽ ടി.ആർ. സുദീപ്(34) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ ലഹരി പരിശോധനയ്ക്ക് വിധേയരാക്കും.
ബാറിൽ കുഴഞ്ഞുവീണു
വ്യാഴാഴ്ച അർധരാത്രിയാണ് കാസർകോഡ് സ്വദേശിനിയായ മോഡലിനെ മദ്യലഹരിയിൽ മൂന്ന് യുവാക്കൾ ചേർന്ന് ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ട ബലാത്സംഗം ചെയ്തത്. മോഡലായ ഡിന്പിളിന്റെ സുഹൃത്താണ് പീഡനത്തിന് ഇരയായ യുവതി.
രാത്രി എട്ടോടെയാണ് ഡിംപിളിനും മറ്റു മൂന്നു പുരുഷൻമാർക്കുമൊപ്പമാണ് യുവതി ഷിപ്യാർഡിനു സമീപത്തെ ബാറിലെത്തിയത്. ഡിജെ പാർട്ടിയിൽ പങ്കെടുക്കാനാണ് ഇവർ എത്തിയത്.
മദ്യപിച്ച യുവതി രാത്രി 10 ഓടെ ബാറിൽ കുഴഞ്ഞുവീണു. ഈസമയം യുവതിയെ താമസ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് യുവാക്കൾ കാറിൽ കയറുകയായിരുന്നു. പ്രതിയായ വിവേക് ഡിംപിളിന്റെ സുഹൃത്താണ്. വിവേകിന്റെ സുഹൃത്തുക്കളാണ് നിധിനും സുദീപും.
വാഹനത്തിൽ കറങ്ങി പീഡനം
ഈ സമയം ബാറിൽ വച്ചു പരിചയപ്പെട്ട ഒരാളുടെ പാർട്ടിയിൽ പങ്കെടുക്കാനായി ഡിംപിൾ അവിടെത്തന്നെ നിന്നു. യുവാക്കൾ തന്നെയാണ് യുവതിയെ കാറിൽ കയറ്റി താമസസ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞ് കൊണ്ടുപോയത്.
തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കറങ്ങിയ യുവാക്കൾ കാറിൽ വച്ച് യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് കാക്കനാട്ട് അവർ താമസിക്കുന്ന ഓയോ ഹോട്ടലിനു മുന്നിൽ ഇറക്കിവിടുകയായിരുന്നു.
കൂട്ടബലാത്സംഗത്തിന് ഇരയായ വിവരം യുവതി വെള്ളിയാഴ്ച അവരുടെ സുഹൃത്തിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ഇവർ ഇൻഫോപാർക്ക് പോലീസിൽ പരാതി നൽകി.
നാലംഗ സംഘം പിടിയിൽ
ഇതോടെ യുവതിയും യുവാക്കളും രാത്രിയിൽ എത്തിയ ബാറിൽ പോലീസെത്തി പരിശോധന നടത്തി. ബാറിൽ യുവാക്കൾ നൽകിയ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതിൽ ഇവർ നൽകിയ മേൽവിലാസം വ്യാജമാണെന്നു കണ്ടെത്തുകയുണ്ടായി.
തുടർന്നു യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ് വിശദമായി ചോദ്യം ചെയ്തു. തുടർന്നാണു പെണ്കുട്ടിയെ പീഡിപ്പിച്ചതു കൊടുങ്ങല്ലൂർ സ്വദേശികളാണെന്നു കണ്ടെത്തിയത്.
പിന്നീട് യുവാക്കളെയും ഒത്താശ ചെയ്ത ഡിംപിളിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കാക്കനാട് ഇൻഫോപാർക്ക് പോലീസിനു ലഭിച്ച പരാതിയിൽ മൊഴി രേഖപ്പെടുത്തിയശേഷം സംഭവം നടന്ന പോലീസ് സ്റ്റേഷൻ പരിധിയായ എറണാകുളം സൗത്ത് പോലീസിനു കേസ് കൈമാറുകയായിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിലാണു നാലംഗ സംഘം പിടിയിലായത്.ഇന്നലെ രാത്രി എട്ടോടെ പ്രതികളെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പെണ്കുട്ടി ബോധരഹിതയായ ശേഷം കാറിൽ കയറ്റിയപ്പോൾ ഡിംപിൾ മനപൂർവം ഒഴിഞ്ഞു മാറിയതാണെന്നാണു പോലീസ് സംശയിക്കുന്നത്.
ഇരയാക്കപ്പെട്ട യുവതി ആദ്യം കാക്കനാട് സഹകരണ ആശുപത്രിയിലും പിന്നീടു കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.
സുഹൃത്തായ ഡിംപിൾ ക്ഷണിച്ചത് അനുസരിച്ചാണ് ഡിജെ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയതെന്നും യുവാക്കളെ മുൻ പരിചയമില്ലെന്നുമാണ് യുവതി പോലീസിൽ മൊഴി നൽകിയിരിക്കുന്നത്.
ഇവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. വിവേകിന്റെ ഉടമസ്ഥതയിലുള്ള വാഹനമായ ഥാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.