പെരുമ്പാവൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽനിന്നും വിദ്യാർഥിനി തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിൽ ബസ് കണ്ടക്ടർക്കെതിരേ കേസെടുത്തു. 336, 337 വകുപ്പുകളാണ് ചുമത്തിയിട്ടുളളതെന്ന് പെരുമ്പാവൂർ പോലീസ് പറഞ്ഞു.
ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി മഞ്ഞപ്പെട്ടി പേണാട്ട് വീട്ടിൽ ഫർഹ ഫാത്തിമ (17) ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 8.15 യോടെ മുടിക്കൽ പെരിയാർ ജംഗ്ഷനിൽ വച്ചാണ് അപകടം.
മഞ്ഞപ്പെട്ടിയിൽനിന്നും ബസിൽ കയറിയ ഫർഹ പെരിയാർ ജംഗ്ഷനിൽവച്ച് ബസിന്റെ മുൻവശത്തെ ഡോറിലൂടെ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
ബസിലെ തിരക്ക് മൂലം വിദ്യാർഥിനി ഫുട്ബോർഡിലാണ് നിന്നിരുന്നത്. ബസിന്റെ ഡോർ തുറന്നു പോയതാണ് അപകട കാരണം.ഉടനെ സമീപത്തെ ഓട്ടോ തൊഴിലാളികൾ ചേർന്ന് കുട്ടിയെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്നു വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.