എരുമേലി: കാൽപ്പന്തുകളിയുടെ ലോകകപ്പ് മാമാങ്കത്തിന് ആവേശത്തോടെ കൊടിയേറിയപ്പോൾ ഇങ്ങ് കേരളത്തിൽ എരുമേലിയിലെ ശ്രീനിപുരം കോളനിയിലെ നാല് സെന്റിനുള്ളിലെ വീടിന്റെ ചുവരുകൾ പോർച്ചുഗൽ ദേശീയ പതാകയുടെ നിറമണിഞ്ഞിരുന്നു.
പോർച്ചുഗൽ കളിക്കാരനായ ക്രിസ്ത്യാനോ റൊണാൾഡോയോടുള്ള ആരാധനകൊണ്ട് പോർച്ചുഗൽ ദേശീയ പതാകയുടെ നിറങ്ങൾ വീടിന്റെ ചുവരിലാക്കി പെയിന്റ് ചെയ്യുകയായിരുന്നു.
ശ്രീനിപുരം കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റുകൂടിയായ ഓട്ടോ ഡ്രൈവർ പെരുമ്പെട്ടിമണ്ണിൽ റിങ്കു ആണ് സ്വന്തം വീട് പോർച്ചുഗൽ പതാകയുടെ നിറത്തിലാക്കി പെയിന്റ് ചെയ്തത്.
റൊണാൾഡോയോടുള്ള ഇഷ്ടം മൂലമാണ് താൻ ഉൾപ്പെടെ സുഹൃത്തുക്കൾ പലരും കാൽപ്പന്തുകളിയെ ഇഷ്ടപ്പെട്ടു തുടങ്ങിയതെന്ന് റിങ്കു പറയുന്നു.
ഇതുവരെ ലോകകപ്പ് നേടിയിട്ടില്ലാത്ത പോർച്ചുഗൽ ഇത്തവണ റൊണാൾഡോയുടെ മിടുക്കിൽ കപ്പ് നേടുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ഒപ്പം റൊണാൾഡോയുടെ ഏഴാം നമ്പരും ദേശീയ പതാകയിലെ പോർച്ചുഗീസ് ഷീൽഡും ആർമിലറി ഗോളവും ആലേഖനം ചെയ്തിട്ടുമുണ്ട്.
അപ്പുറത്ത് ജംഗ്ഷനിൽ മെസിയുടെ ചിത്രവുമായി ഫ്ളക്സ് വച്ചാണ് അർജന്റീനയുടെ ടീമിനെ സ്നേഹിക്കുന്ന ആരാധകർ ഇഷ്ടം പ്രകടിപ്പിച്ചിരിക്കുന്നത്. ബ്രസീൽ ആരാധകരും ഏറെയുണ്ട്. ഫ്രാൻസ്, ജർമനി, സ്പെയിൻ, ഇംഗ്ലണ്ട് ടീമുകളുടെ ആരാധകരും ആവേശ ക്കൊടുമുടിയിലാണ്.
എല്ലാവർക്കും വെവ്വേറെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ. ടീമുകളുടെ എംബ്ലം ആണ് വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ പ്രൊഫൈൽ പിക്ചർ.കാൽപ്പന്തുകളിയെ ഏറെ സ്നേഹിക്കുന്ന ഇവരെല്ലാം അതിയായ ആവേശത്തിലാണ്. തങ്ങൾ ഇഷ്ടപ്പെടുന്ന ടീമിന്റെ കളി നടക്കുന്ന ദിവസം വർണാഭമാക്കാൻ ഇപ്പോഴേ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
പ്രൊജക്റ്റ്ർ വച്ച് വലിയ സ്ക്രീനിൽ മൈതാനത്ത് കളി പ്രദർശിപ്പിക്കാനും അലങ്കാരങ്ങൾ നടത്താനും പടക്കങ്ങൾ പൊട്ടിച്ച് ആഘോഷം പങ്കിടാനും വിവിധ ടീമുകളുടെ ആരാധകർ വിപുലമായ ഒരുക്കങ്ങളിലാണ്.
മികച്ച കളിക്കാരുടെ പിൻബലം ഉള്ള അർജന്റീന വിജയിക്കുമെന്നും അല്ല ബ്രസീൽ ആണ് ജയിക്കുകയെന്നും ഉൾപ്പെടെ ഒട്ടേറെ അവകാശവാദങ്ങളുമായി ഈ ടീമുകളുടെ ആരാധകർ തമ്മിൽ പന്തയം വയ്പും തർക്കങ്ങളും മുറുകുകയാണ്.
തർക്കങ്ങളുണ്ടെങ്കിലും ഏതു ടീം കളിച്ചാലും ആ കളി ആവേശത്തോടെ കാണണമെന്നുള്ളതിൽ ഇവർക്കിടയിൽ ഒരു തർക്കവുമില്ല.