സ്വന്തം ലേഖകൻ
കോഴിക്കോട്: കേരളത്തിൽ പര്യടനം നടത്തി ഓളം തീർത്ത് നീങ്ങുന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി ലക്ഷ്യം വയ്ക്കുന്നത് എഐസിസി പ്രസിഡന്റ് സ്ഥാനമല്ല!.
പ്രധാനമന്ത്രി പദത്തിലേക്കാണ് അദ്ദേഹത്തിന്റെ നോട്ടം എന്ന് കോൺഗ്രസിലെ ഉന്നതർതന്നെ വ്യക്തമാക്കുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന അടവു നയത്തിന്റെ ഭാഗമായാണ് കേരളത്തിലടക്കം തരൂർ പര്യടനം നടത്തി ഓളമുണ്ടാക്കുന്നതെന്നാണ് വിലയിരുത്തൽ.
ദേശീയതലത്തിൽ തിളങ്ങി നിൽക്കുന്ന ശശി തരൂർ ഒരു കാരണവശാലും കേരളത്തിലെ ചെറിയ ചട്ടക്കൂടിലേക്ക് ഒതുങ്ങാൻ ആഗ്രഹി ക്കില്ല. അതിന് കൃത്യമായി കാരണങ്ങൾ അക്കമിട്ട് നിരത്താനുമുണ്ട്.
ദേശീയ രാഷ്ട്രീയത്തിൽ അടുത്തിടെയുണ്ടായ സംഭവങ്ങൾ ചേർത്തുവച്ചാണ് നേതാക്കൾ ശശി തരൂരിന്റെ പുതിയ നീക്കത്തെ കാണുന്നത്.
ദേശീയതലത്തിൽ രാഹുൽ ഗാന്ധി പൊതു സ്വീകാര്യനാണെങ്കിലും നെഹ്റു കുടുംബം എന്ന വാദം ഉന്നയിച്ച് ബിജെപി കോൺഗ്രസിനെ നേരിടുന്പോൾ അതിനെ മറികടക്കുക അത്ര എളുപ്പമല്ല.
രാഹുൽ ഗാന്ധിയെ മാറ്റിനിർത്തിയാൽ യുപിഎയ്ക്ക് എല്ലാ സംസ്ഥാനത്തും സ്വീകാര്യത ലഭിക്കുന്ന ഒരു പൊതു സമ്മതൻ വേണ്ടതുണ്ട്. കോൺഗ്രസിന് നിലവിൽ അങ്ങനെ ഒരു മുഖം മുന്നോട്ടുവയ്ക്കാനില്ല.
ഈ വിടവ് നോക്കിയാണ് തരൂർ തന്ത്രപരമായ ഇടപെടൽ പാർട്ടിക്കുള്ളിലും പുറത്തും നടത്തുന്നതെന്നാണ് കരുതുന്നത്. എഐസിസി തെരഞ്ഞെടുപ്പിൽപോലും ഇതിന്റെ സൂചനകൾ കണ്ടു.
‘പുതിയ ബ്രാന്ഡ്’
പാർട്ടിക്കുള്ളിൽ ശശി തരൂരിനെ വെട്ടിനിരത്താൻ ചില നേതാക്കൾ പണിപ്പെട്ടപ്പോൾ ജനങ്ങൾക്കിടയിൽ ശശി തരൂർ എന്ന ബ്രാൻഡ് രൂപപ്പെടുത്തിയെടുക്കാൻ തരൂരിനും ഒപ്പമുള്ളവർക്കും സാധിച്ചു.
എഐസിസി തെരഞ്ഞെടുപ്പോടെ എല്ലാ സംസ്ഥാനങ്ങളിലേക്കും കടന്ന് ചെല്ലാനും തരൂർ വിഭാഗത്തിന് കഴിഞ്ഞു. മല്ലികാർജുൻ ഖാർഗെ വിജയിക്കുമെന്ന് ഉറപ്പായിരുന്നിട്ടും തരൂർ മത്സരം കടുപ്പിക്കാൻ ശ്രമിച്ചത് ജനസമ്മിതി വർധിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. ആ തന്ത്രം ഏറെക്കുറേ വിജയം കാണുകയും ചെയ്തു.
സിപിഎം, സിപിഐ, എസ്പി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾക്കും തരൂർ പൊതുസ്വീകാര്യനായി കഴിഞ്ഞിട്ടുണ്ട്.
പ്രധാനന്ത്രി പദത്തിലേക്കോ യുപിഎ അധ്യക്ഷൻ എന്ന പദത്തിലേക്കോ എത്താനുള്ള ആദ്യ ലാപ്പായി തരൂരിന് എഐസിസി തെരഞ്ഞെടുപ്പ്. ഇപ്പോൾ നടക്കുന്ന കേരള പര്യടനം ഇതിന്റെ രണ്ടാം റൗണ്ടാണെന്നും വിലയിരുത്താം.
പാർട്ടിയിൽ പിടിമുറുക്കുന്നതിനുമപ്പുറം ജനഹൃദയങ്ങളിലും സ്ഥാനം ഉറപ്പിക്കുക എന്ന ലക്ഷ്യമാണ് പര്യടനങ്ങളിലൂടെ തരൂർ ഉന്നം വയ്ക്കുന്നത്.
മത, സാംസ്കാരിക നേതാക്കളുമായി സൗഹൃദം പുതുക്കുന്നതും ഇതിന്റെ ഭാഗംതന്നെ. പാർട്ടിയിൽനിന്നുണ്ടായ എതിർപ്പിനെപോലും തരൂർ അദ്ദേഹത്തിന്റേതായ ശൈലിയിൽ നേരിടുന്പോൾ താഴേക്കിടയിൽ തരൂരിന്റെ ജനസമ്മതി ഇരട്ടിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഉന്നത നേതാക്കൾക്ക് ഇക്കാര്യം ബോധ്യമുള്ളതിനാൽതന്നെയാണ് അപ്രഖ്യാപിത വിലക്ക് എന്നും വിലയിരുത്തപ്പെടുന്നു.