തൃക്കാക്കര: തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ പ്രതിയായ സിഐ പി.ആര്. സുനുവിനെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടേക്കും. സ്ത്രീപീഡനക്കേസുകളില്‍ പലവട്ടം പ്രതി ചേര്‍ക്കപ്പെട്ട സുനു സര്‍വീസില്‍ തുടരുന്നത് പോലീസിന് അവമതിപ്പുണ്ടാക്കുമെന്ന ഉന്നതതല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍.
ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന് സിഐ ആയിരുന്ന സുനുവിനെ ആദ്യ ഘട്ട നടപടിയെന്ന നിലയില്‍ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു.
തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ മൂന്നാം പ്രതിയാണ് പി.ആര്. സുനു. മൂന്നു ദിവസങ്ങളിലായി ചോദ്യം ചെയ്തെങ്കിലും മതിയായ തെളിവുകള്‍ ലഭിയ്ക്കാത്ത സാഹചര്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
തൊട്ടുപിന്നാലെ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെത്തി ചുമതലയേറ്റെടുക്കുകയും ചെയ്തു. സംഭവം വിവാദമായതിനു പിന്നാലെ അവധിയെടുക്കാനുള്ള നിര്‍ദേശമെത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ സുനുവിനെ തേടി സസ്പെന്ഷന് ഉത്തരവുമെത്തി.
കൊച്ചി സിറ്റി പോലീസ് പരിധിയിലുള്ള മുളവുകാട് പോലീസ് സ്റ്റേഷനില്‍ എസ്ഐയായി ജോലി നോക്കവെ തൃശൂര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ സുനു റിമാന്‍ഡില്‍ ആയിരുന്നു. സമാനമായ മറ്റൊരു കേസ് തൃശൂരിലും രജിസ്റ്റര്‍ ചെയ്തിരുന്നു.
അതീവ ഗൗരവ സ്വഭാവമുള്ള ഈ കേസുകള്‍ക്കൊപ്പം സാമ്പത്തിക തട്ടിപ്പടക്കമുള്ള മറ്റു പരാതികളും പി.ആര്.സുനുവിനെതിരെ ഉയര്‍ന്നിരുന്നു. ആറുമാസം ജയില്‍ ശിക്ഷ അനുഭവിച്ച ഇയാള്‍ക്കെതിരെ ഒമ്പതു തവണ വകുപ്പുതല അന്വേഷണം നടന്നിട്ടുണ്ട്