കോട്ടയം: അങ്കത്തട്ടില്‍ പിഴയ്ക്കാതെ ചുവടുകള്‍വച്ച ആന്‍ മരിയ നേടിയത് ഉജ്വലബാല്യം പുരസ്കാരം. ആയോധന കലയിലെ മികവു പരിഗണിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈവര്‍ഷത്തെ ഉജ്വല ബാല്യം പുരസ്കാരം ആന്മരിയയെ തേടിയെത്തിയത്.
കുഴിമറ്റം വടക്കേടത്ത് ഏബ്രഹാം ജേക്കബിന്റെയും അന്നമ്മ ഏബ്രഹാമിന്റെയും മകളാണ് കോട്ടയം സിഎംഎസ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ ആന്മരിയ.
കഴിഞ്ഞ ഏഴു വര്‍ഷമായി കുങ്ഫു പരിശീലിച്ചു വരുന്നു. ഇന്തോനേഷ്യന്‍ ആയോധന കലയായ പെഞ്ച, തായ്ലന്ഡിലെ ആയോധന കലയായ മോയ്തായ് എന്നിവയ്ക്കു പുറമേ കിക്ക് ബോക്സിംഗ്, വുഷു എന്നിവയിലും ആന്‍ മരിയ പരിശീലനം നേടിയിട്ടുണ്ട്.
കഴിഞ്ഞ നാഷണല്‍ കുങ്ഫു മീറ്റില്‍ ഫൈറ്റ് വിഭാഗത്തില്‍ സ്വര്‍ണവും ടവ് ലു വിഭാഗത്തില്‍ വെങ്കലവും ആന്മരിയ കരസ്ഥമാക്കിയിരുന്നു. കുങ്ഫു ആന്‍ഡ് യോഗ ഫെഡറേഷന് കേരളയുടെ കീഴില്‍ ചിങ്ങവനത്ത് പ്രവര്‍ത്തിക്കുന്ന സെന്ററിലാണ് ആന്‍മരിയായുടെ പരിശീലനം.
സുധീഷ്കുമാര്‍, നിമില്‍ ചെറിയാന് എന്നിവരാണ് പരിശീലകര്‍.സഹോദരിമാരായ അലീഷയും ആഷ്മിയും ആയോധന കലകളില്‍ പരിശീലനം നേടിയവരാണ്. പഠനത്തോടൊപ്പം ആയോധന കലയില്‍ കൂടുതല്‍ ഉയരങ്ങളിലെത്താനുള്ള ശ്രമത്തിലാണ് ആന്‍ മരിയ.
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന തലത്തില്‍ വനിതാ ശിശു വികസന വകുപ്പ് നല്കുന്ന പുരസ്കാരമാണ് ഉജ്വലബാല്യം പുരസ്കാരം.
അഞ്ചിനും 18നും വയസിനിടയിലുള്ള കുട്ടികളെ ജില്ലാ കളക്ടര്‍ അധ്യക്ഷയായ കമ്മിറ്റിയാണ് ഓരോ ജില്ലകളില്‍നിന്നു തെരഞ്ഞെടുക്കുന്നത്.
ഉജ്വല ബാല്യം പുരസ്കാരം നേടിയ ആന്‍ മരിയായ്ക്ക് ഇന്നലെ സിഎംഎസ് കോളജ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന അനുമോദന യോഗത്തില്‍ മന്ത്രി വി.എന്‍. വാസവന് സ്കൂളിന്റെ ഉപഹാരം സമ്മാനിച്ചു.