പത്തനംതിട്ട: ശബരിമല തീർഥാടകരുമായി പന്പയിലേക്കുള്ള സ്പെഷൽ സർവീസുകൾ കെഎസ്ആർടിസിക്കു ലാഭകരം.മണ്ഡല, മകരവിളക്ക് തീർഥാടനകാലത്ത് പരമാവധി മെച്ചമുണ്ടാക്കാനാണ് ഇത്തവണയും കെഎസ്ആർടിസി ശ്രമിക്കുന്നത്.
നിലവിലെ പ്രതിസന്ധി ഒരുപരിധിവരെ മറികടക്കുന്നത് തീർഥാടന കാലത്താണ്. പന്പ ബസുകളിലെ അധികനിരക്കാണ് കെഎസ്ആർടിസിക്കു ലാഭകരമാകുന്നത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ അധികനിരക്ക് പിൻവലിച്ചിരുന്നുവെങ്കിലും 2018നുശേഷം ഇത് കടന്നുവന്നു. കോവിഡ് കാലത്തും പിന്നീട് നിരക്ക് വർധന വരുത്തിയപ്പോഴേക്കും നിരക്ക് അധികരിച്ചത് അധികമാരും ശ്രദ്ധിക്കാതെ പോയി. ഇതോടെ ഇത്തവണ അധികനിരക്ക് ഈടാക്കാൻ തടസവുമില്ലാതെയായി.
നിലയ്ക്കൽ – പന്പ റൂട്ടിൽ 50 രൂപ
നിലയ്ക്കല്‍- പമ്പ ചെയിന്‍ സർവീസാണ് അധികനിരക്കിൽ മുന്പിൽ. 22 കിലോമീറ്ററിന് 50 രൂപയാണ് നിരക്ക്. എസി ബസുകളിൽ ഇത് 80 രൂപയാകും.
നിലയ്ക്കലിൽ പ്രധാന ഇടത്താവളം സ്ഥാപിക്കുകയും പാർക്കിംഗ് അവിടേക്ക് മാറ്റുകയും ചെയ്തതോടെ തീർഥാടകരെ എത്തിക്കുന്നതിലേക്ക് പത്തുവർഷം മുന്‍പ് ചെയിൻ സർവീസ് ആരംഭിക്കുന്പോൾ 10 രൂപയായിരുന്നു നിരക്ക്.
നിലയ്ക്കല്‍- പമ്പ സര്‍വീസില്‍ നിന്ന് മാത്രം ഈ തീർഥാടനകാലത്ത് കഴിഞ്ഞ ദിവസം വരെ 48 ലക്ഷം രൂപയാണ് കെഎസ്ആര്‍ടിസി വരുമാനം ലഭിച്ചത്. പരമാവധി എസി ബസുകള്‍ സര്‍വീസ് നടത്തി പണം കൊയ്യാനുള്ള നീക്കമാണ് കെഎസ്ആര്‍ടിസി നടത്തുന്നത്.
മലയാളികളായ തീര്‍ത്ഥാടകര്‍ കൂടുതലായി എത്തുന്ന സമയത്ത് മാത്രമാണ് നോണ്‍ എസി ബസുകള്‍ നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിക്കുന്നത്. കണ്ടക്ടര്‍മാരെ പൂര്‍ണമായും ഒഴിവാക്കിയാണ് ചെയിന്‍ സര്‍വീസ് നടത്തുന്നത്.
നിലയ്ക്കല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ കെട്ടിയ താത്ക്കാലിക ഷെഡിലാണ് ടിക്കറ്റ് കൗണ്ടര്‍ ഒരുക്കിയിരിക്കുന്നത്. 10 കൗണ്ടറുകളുണ്ട്. നിലയ്ക്കല്‍ നിന്നും പമ്പയിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് ഒരുമിച്ച് എടുക്കണം. പ
മ്പ ത്രിവേണിയില്‍ നിന്നു വിട്ടാല്‍ ഇടയ്ക്ക് നിര്‍ത്തില്ല. നിലയ്ക്കല്‍ സ്റ്റാന്‍ഡില്‍ മാത്രമാണ് നിര്‍ത്തുന്നത്. അതേപോലെ നിലയ്ക്കല്‍ നിന്നു വിട്ടാല്‍ പമ്പയില്‍ മാത്രമാണ് നിര്‍ത്തുക.
ചെയിൻ സർവീസിന്169 ബസുകൾ
നിലയ്ക്കല്‍- പമ്പ സര്‍വീസിന് 169 ബസുകളാണ് നിലവിൽ സജ്ജീകരിച്ചിട്ടുള്ളത്. ഇത് 300 ബസുകൾവരെയാക്കാൻ കെഎസ്ആർടിസി സജ്ജമാണ്.
16ന് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് 531, തിരിച്ച് 522 സര്വീസുളും നടത്തി. 17ന് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് 541, തിരികെ പമ്പയിലേക്ക് 556ഉം 18ന് നിലയ്ക്കലില്‍ നിന്നും 632, തിരികെ 677 സര്‍വീസുകളും നടത്തി. ദീര്‍ഘദൂര സര്‍വീസുകളില്‍ ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തിയത് ചെങ്ങന്നൂര്‍ ഡിപ്പോയില്‍ നിന്നാണ്.
18ന് ചെങ്ങന്നൂരില്‍ നിന്നും പമ്പയിലേക്ക് 55 ഉം തിരികെ 66 സര്‍വീസുകളും നടന്നു.കോട്ടയത്ത് നിന്നും പമ്പയിലേക്ക് 18ഉം തിരികെ 28 സര്‍വീസുകളും ഉണ്ടായിരുന്നു. 70 കിലോമീറ്റര്‍ ദൂരമുള്ള പത്തനംതിട്ട- പമ്പ സര്‍വീസിന് 141 രൂപയാണ് ടിക്കറ്റ് ചാര്‍ജ്.