ലുസെയ്ൽ: ഫിഫ ലോകകപ്പിൽ വന്പൻ അട്ടിമറി. വന്പൻമാരായ അർജന്റീനയയെ സൗദി അറേബ്യ അട്ടിമറിച്ചു. ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സിയിലാണ് അർജന്റീന നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത്.
സൗദി അറേബ്യയോട് ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു അർജന്റീനയുടെ തോൽവി. ഒരു ഗോളിന് ലീഡ് നേടിയ ശേഷമായിരുന്നു ലയണൽ മെസിയുടെയും കൂട്ടരുടെയും കാൽവഴുതി വീണത്.
പത്താം മിനിറ്റിൽ മെസിയുടെ പെനാൽറ്റി ഗോളിൽ അർജന്റീന ലീഡ് നേടി. പിന്നീട് തുടരെ തുടരെ ആക്രമണം കാഴ്ചവച്ച അർജന്റീനയെ ഓഫ് സൈഡ് കെണിയിൽ വീഴ്ത്തിയാണ് സൗദി നേരിട്ടത്.
22-ാം മിനിറ്റിൽ ലിയോ രണ്ടാം ഗോൾ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. ലീഡ് രണ്ടായി ഉയർത്താനുള്ള അവസരം 28-ാം മിനിറ്റിലും അർജൻറീന കളഞ്ഞുകുളിച്ചു.
ലൗറ്റാരോ മാർട്ടിനസിന്റെ ഗോളും ഓഫ്സൈഡായി. 35-ാം മിനിറ്റിൽ മാർട്ടിസിന്റെ മറ്റൊരു നീക്കവും ഓഫ്സൈഡിന് വഴിമാറി.
അല്ലായിരുന്നെങ്കിൽ ആദ്യപകുതിയിൽ തന്നെ നാല് ഗോളിന് അർജൻറീന മുന്നിലെത്തുമായിരുന്നു.
രണ്ടാംപകുതിയുടെ തുടക്കത്തിൽ തന്നെ സൗദി ഇരട്ട മറുപടി നൽകി. 48-ാം മിനിറ്റിൽ സാലെ അൽ ഷെഹ്രിയും 53-ാം മിനിറ്റിൽ സലീം അൽ ദോസരിയുമാണ് സൗദിക്കായി പൊന്നും ഗോളുകൾ കണ്ടെത്തിയത്.