സ്വന്തം ലേഖകന്‍
കൊച്ചി: സംസ്ഥാനത്ത് ലോട്ടറി തട്ടിപ്പു വ്യാപകമായ പശ്ചാത്തലത്തില്‍ വ്യാജന്മാരെ പൂട്ടാന്‍ പുതിയ പരീക്ഷണവുമായി ഭാഗ്യക്കുറിവകുപ്പ്. ഓണം ബംപറില്‍ പരീക്ഷിച്ച് വിജയിച്ച ഫ്ളൂറസെന്റ് അച്ചടിമഷി ഉപയോഗിച്ചുള്ള ടിക്കറ്റുകള്‍ പുറത്തിറക്കാനാണ് ഭാഗ്യക്കുറിവകുപ്പു നീക്കം ആരംഭിച്ചിട്ടുള്ളത്.
ഇതുപ്രകാരം പുതിയ ഭാഗ്യക്കുറിയില്‍ സമ്മാനത്തുക, നമ്പര്‍, തീയതി എന്നിവ തിളങ്ങുന്ന (ഫ്ളൂറസെന്റ്) അക്ഷരത്തിലായിരിക്കും. കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പുനടത്താന്‍ ശ്രമിച്ചാല്‍ ഫോട്ടോസ്റ്റാറ്റില്‍ തിളക്കമുണ്ടാകില്ല.
കറന്സിനോട്ടുകളിലേതിനു സമാനമായ സുരക്ഷാകോഡും ലേബലും പുതിയ ഭാഗ്യക്കുറിയില്‍ അച്ചടിക്കും. ഓണം ബംപറില്‍ വിജയം കണ്ടതിനു പിന്നാലെ ക്രിസ്മസ് ന്യൂഇയര്‍ ലോട്ടറിയിലും സമാന രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങളൊരുക്കിയാകും ഭാഗ്യക്കുറി പുറത്തിറങ്ങുക.
അഞ്ചു മുതല്‍ ആറു മാസം വരെ ഭാഗ്യക്കുറിയിലെ ഈ തിളക്കം നില്ക്കും. നാലു കളറുകളിലാകും നമ്പറുകള്‍. അംഗപരിമിതരും കാഴ്ചശേഷി കുറഞ്ഞവരുമായ ലോട്ടറി വില്‍പനക്കാരാണു നിലവില്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍ ഭൂരിഭാഗവും.
നമ്പറില്‍ തിരുത്തു വരുത്തിയാണ് ബഹുഭൂരിപക്ഷം തട്ടിപ്പുകളും അരങ്ങേറുന്നതും. ക്യൂആര്‍ കോഡ്, ബാര്‍ കോഡ് എന്നിങ്ങനെ 11 സുരക്ഷ കോഡുകള്‍ ഉള്‍പ്പെടുത്തി അതീവ രഹസ്യ സ്വഭാവത്തോടെയാണ് ടിക്കറ്റുകള്‍ അച്ചടിച്ചിറക്കുന്നതെങ്കിലും കളര്‍ ഫോട്ടോസ്റ്റാറ്റ് ഉള്‍പ്പെടെ പ്രിന്റ് എടുത്താണു തട്ടിപ്പു നടത്തുന്നത്.
കളര്‍ പ്രിന്റുകളില്‍ ക്യൂആര്‍ കോഡ്, ബാര്‍ കോഡ് എന്നിവ റീഡ് ചെയ്യുകയും ചെയ്യും. അടുത്തകാലത്തായി ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണു ഭാഗ്യക്കുറിവകുപ്പ് ഏറ്റവും വലിയ സമ്മാനത്തുക ഏര്‍പ്പെടുത്തിയ ഓണം ബംപറില്‍ തന്നെ പരീക്ഷണം നടത്തിയത്.
ഇതു വന്‍വിജയമായിരുന്നു. ഓണം ബംപറിനെ സംബന്ധിച്ച് യാതൊരു പരാതിയും ഇതുവരെ ഉയര്‍ന്നിട്ടില്ലെന്നു വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ ദിവസേന അച്ചടിക്കുന്ന ലോട്ടറിയിലും ഫ്ളൂറസെന്റ് സംവിധാനം ഏര്‍പ്പെടുത്താനാണു വകുപ്പ് നിലവില്‍ ആലോചിക്കുന്നത്.
തട്ടിപ്പുകള്‍ പലവിധം
ഭാഗ്യക്കുറി സ്കാന്‍ചെയ്ത് പ്രിന്റ് എടുത്ത് യഥാര്‍ഥ നമ്പര്‍ മായ്ച്ചശേഷം സമ്മാനാര്‍ഹമായ നമ്പര്‍ അച്ചടിച്ച് വീണ്ടും പ്രിന്റെടുത്തു തട്ടിപ്പു നടത്തും.
സമ്മാനാര്‍ഹമായ ഭാഗ്യക്കുറിയുടെ ഒന്നിലധികം കളര്‍ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ എടുത്തു പല കച്ചവടക്കാരില്‍നിന്നു ചെറിയ സമ്മാനത്തുക കൈക്കലാക്കുക.
500 രൂപവരെയുള്ള സമ്മാനത്തുക വില്പനക്കാര് തന്നെയാണു നല്‍കുക. ഇതു മുതലെടുത്താണു തട്ടിപ്പ്. സമ്മാനാര്‍മായ നമ്പറിനോടു സാമ്യമുള്ള നമ്പര്‍ മായ്ച്ചുകളഞ്ഞ ശേഷം എഴുതിച്ചേര്‍ത്ത് തട്ടിപ്പ് നടത്തിയ സംഭവങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.