നെടുങ്കണ്ടം: പ്ലസ് വൺ വിദ്യാർഥിനിയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പ്രതികളിലൊരാളുടെ ഫോൺ ട്രാപ്പ് ചെയ്ത് പ്രതികളായ മൂവർസംഘത്തെ രണ്ട് മണിക്കൂറിനുള്ളിൽ കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. സ്കൂളിലെത്തിയ വിദ്യാർഥിനിയെ കാറിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. സംഭവം കണ്ടുനിന്ന മറ്റു കുട്ടികൾ വിവരം അധ്യാപകരെ അറിയിച്ചു.
അധ്യാപകർ അറിയിച്ചതനുസരിച്ച് കമ്പംമെട്ട് പോലീസ് പല ബാച്ചുകളായി അന്വേഷണം ആരംഭിച്ചു.ഇതിനിടെയാണ് പ്രതികളിലൊരാളുടെ ഫോൺ നമ്പർ ലഭിച്ചത്.
ഈ നമ്പർ ട്രെയ്സുചെയ്തപ്പോൾ ഇവർ കട്ടപ്പന ഭാഗത്തുള്ളതായി അറിയാൻ കഴിഞ്ഞു. തുടർന്ന് ഇരട്ടയാറിൽനിന്ന് ഇവരെ പിടികൂടുകയായിരുന്നു. കുഴിത്തൊളു മംഗലത്ത് നിഷിൻ (20), കുഴികണ്ടം പറമ്പിൽ അഖിൽ (19), അപ്പാപ്പിക്കട നമറ്റത്തിൽ നോയൽ (18) എന്നിവരാണ് അറസ്റ്റിലായത്.
പെൺകുട്ടിയുമായി പ്രതികളിലൊരാൾ ഇൻസ്റ്റാഗ്രാം വഴി പ്രണയത്തിലായിരുന്നെന്നും കുട്ടിയുമായി എറണാകുളത്തേക്കാണ് പോകാൻ ലക്ഷ്യമിട്ടതെന്നും പോലീസ് പറഞ്ഞു.
പ്രതികളായ മൂന്ന് പേരെയും പോക്സോ കേസ് ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കമ്പംമെട്ട് എസ്എച്ച്ഒ ടി.ഡി. സുനിൽകുമാർ, എസ്ഐമാരായ അശോകൻ, ലാൽഭായ്, ജോസ്, എഎസ്ഐമാരായ ഇന്ദിര, സജിമോൻ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വിനോദ് കുമാർ, സജുരാജ്, റോയ് എന്നിവരുടെ സമയോചിതമായ ഇടപെടലിലാണ് പ്രതികൾ പിടിയിലായത്.