കോഴിക്കോട്: ലോകകപ്പിലെ ആദ്യ മത്സരത്തിൽതന്നെ ദയനീയ പരാജയം ഏറ്റുവാങ്ങിയ അർജന്റീനയ്ക്ക് സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴ. വാട്സ് ആപ്പിലും ഫേസ്ബുക്കിലുമായി അർജന്റീനയ്ക്ക് പൊങ്കാലയിട്ടവർ കുറച്ചൊന്നുമല്ല.
കേരളത്തിലെ ആരാധകരുടെ ഹൈപ്പിനെ മറികടക്കുന്ന രീതിയിലുള്ള രസികൻ ട്രോളുകളാണ് ഇന്നലെ കളി കഴിഞ്ഞനിമിഷം മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഏറ്റവും അധികം പേർ വാട്സ് ആപ് സ്റ്റാറ്റസ് ആക്കിയത് കഴിഞ്ഞ ലോകകപ്പ് സമയത്തിറിങ്ങിയ കോമഡി സീരിയലിന്റെ ക്ലിപ്പും മുകേഷ് ചിത്രത്തിലെ ക്ലിപ്പുമാണ്.
ആദ്യത്തേതിൽ മെസിയുടെ ചിത്രത്തെ നോക്കി ആരാധകൻ വിലപിക്കുന്ന സീൻ ആണെങ്കിൽ രണ്ടാമത്തേതിൽ അർജന്റീന ഫാൻസ്, ടിവിയെ കുറ്റം പറയുന്ന സീനാണ്.
രണ്ടു ക്ലിപ്പുകളും ഇന്നലെ മുതൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞാടുകയാണ്.മെസിയെ സൗദി അറേബ്യ എടുത്തു ചെളിയിൽ എറിയുന്ന ട്രോൾ മുതൽ മെസി മീൻ കച്ചവടം നടത്തുന്ന ട്രോൾ വരെ നിറഞ്ഞാടി.
ഇതിനെല്ലാം പുറമെ രാഷ്ട്രീയ രംഗത്തും മെസിയെ ട്രോൾ ആക്കി മാറ്റുന്ന കാഴ്ച്ചയാണ് ഇന്ന് കണ്ടത്. വി.ഡി.സതീശനെതിരേ കെ. മുരളീധരൻ നടത്തിയ പ്രസ്താ വനയും മെസിയുടെ ഇന്നലത്തെ തോൽവിയെ ഉപമിച്ചായിരുന്നു.