തിരുവനന്തപുരം: മദ്യത്തിന് വില കുട്ടിയതിന് പിന്നിൽ വൻ അഴിമതിയെന്ന് ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്.
ഇന്ത്യൻ നിർമിത മദ്യത്തിന്റെ നികുതി ഒഴിവാക്കിയതിന്റെ നേട്ടം കിട്ടിയത് വൻകിട മദ്യനിർമാതാക്കൾക്കാണ്.
മുൻ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ചെയ്യാൻ മടിച്ചത് എം.ബി.രാജേഷ് ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മദ്യത്തിന് ഏറ്റവും കൂടിയ വിലയുള്ള സംസ്ഥാനമായി കേരളം മാറുകയാണ്. സിപിഎമ്മുമായി വൻകിട മദ്യക്കമ്പനികൾ ഉണ്ടാക്കിയ ധാരണയനുസരിച്ചാണ് നികുതി ഒഴിവാക്കിയത്.
ഈ തീരുമാനം പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനത്തിന് മേൽ വലിയ ഭാരമാണ് പാൽവില വർധനവുകൊണ്ട് ഉണ്ടായത്. കോർപ്പറേഷൻ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.
കത്തെഴുതിയെന്ന് സമ്മതിച്ച ഡി.ആർ.അനിലും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനുമാണ് യഥാർഥ പ്രതികൾ. ഇവരെ രക്ഷിക്കാനാണ് പോലീസ് ശ്രമമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.