മുംബൈ: കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനം കണ്ട് യാത്രക്കാരും വിമാനത്താവളത്തിലെ പല ജീവനക്കാരും ഞെട്ടി.
പലരും ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് വലിയൊരു വിമാനമായിരുന്നു കണ്മുന്നില് പറന്നിറങ്ങിയത്.
ലോകത്തെ തന്നെ ഏറ്റവും വലിയ വിമാനമായി എയ!ര്ബസ് ബലൂഗയാണ് ആദ്യമായി മുംബൈ വിമാനത്താവളത്തിലെത്തിയത്.
യാത്രയ്ക്കിടെ ഇന്ധനം നിറയ്ക്കുന്നതിനായായിരുന്നു ബലൂഗ മുംബൈയിലെത്തിയത്.
‘എയര്‍ബസ് ബലൂഗ സൂപ്പര്‍ ട്രാന്സ്പോര്ട്ടര് ആദ്യമായി മുംബൈ വിമാനത്താവളത്തിലെത്തി. നമ്മളെല്ലാം അമ്പരപ്പിലാണ്.
മറ്റൊരിടത്തും കാണാത്ത ഈ രൂപകല്പനയെപ്പറ്റി നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്?’ എന്നായിരുന്നു മുംബൈ വിമാനത്താവള അതോരിറ്റി ട്വിറ്ററില്‍ കുറിച്ചത്.
വിമാനം നേരില്‍ കണ്ട പലരും ട്വിറ്ററില്‍ ഇതിന്റെ ചിത്രവും പങ്കുവെച്ചു. ലോകത്തെ ഏറ്റവും വലിയ വിമാനമായ എയര്‍ബസ് ബലൂഗ ഇതുവരെ കേരളത്തിലെത്തിയിട്ടില്ല.
സാധാരണ വിമാനങ്ങളെ അപേക്ഷിച്ച് പലമടങ്ങ് വലുപ്പമുള്ള എയര്‍ബസ് ബലൂഗയ്ക്ക് വേറെയും സവിശേഷതകളുണ്ട്.
അസാമാന്യ വലുപ്പമുള്ള ബലൂഗ ഒരു ചരക്കുവിമാനം തന്നെയാണ്. ലോകത്തെ മുന്‍നിര വിമാന നിര്‍മാണക്കമ്പനിയായ എയര്‍ബസിനു വേണ്ടി ലോകമെമ്പാടുമുള്ള കേന്ദ്രങ്ങളില്‍ നിന്ന് വലുപ്പമേറിയ വിമാനഭാഗങ്ങള്‍ കൊണ്ടുവരിക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ബലൂഗ നിര്‍മിച്ചിട്ടുള്ളത്.
7.7 മീറ്റര്‍ ഉയരമുള്ള ഫ്യൂസലേജിനുള്ളിലെ കാര്‍ഗോ സ്പേസില്‍ വമ്പന്‍ എ380 വിമാനങ്ങളുടെ ചിറകുകളുടെ ഭാഗങ്ങള്‍ പോലും കയറും.
56.15 മീറ്റര്‍ നീളമുള്ള വിമാനത്തിന്റെ ചിറകു ഭാഗത്തിന് 44 മീറ്ററോളം വീതിയുണ്ട്. 17 മീറ്ററാണ് വിമാനത്തിന്റെ മൊത്തം ഉയരം – അതായത് അഞ്ച് നിലക്കെട്ടിടത്തോളം ഉയരം.
ബലൂഗ വിമാനത്തിന് ഒരു തിമിംഗലത്തിന്റെ രൂപമുണ്ടെങ്കിലും അതിശയിക്കാനില്ല. ബലൂഗ എന്ന പേരു തന്നെ അങ്ങനെ ലഭിച്ചതാണ്.
സൂപ്പര്‍ ട്രാന്സ്പോര്ട്ടര് എന്നാണ് ഔദ്യോഗിക നാമമെങ്കിലും ആര്‍ട്ടിക് മേഖലയില്‍ കാണുന്ന ബലൂഗ തിമിംഗലത്തോടുള്ള രൂപസാദൃശ്യമാണ് ഈ പേരിലേയ്ക്ക് നയിച്ചത്.
വലുപ്പമില്ലാതെ പറ്റില്ല
ഈ വിമാനം നിര്‍മിച്ചതിനു പിന്നിലും വലിയ കഥയുണ്ട്. എയര്‍ബസ് കമ്പനി മുന്‍പ് യൂറോപ്പില്‍ പലയിടത്തായി ചിതറിക്കിടക്കുന്ന ചെറു കമ്പനികളുടെ ഒരു കണ്‍സോര്‍ഷ്യമായിരുന്നു.
വിമാനഭാഗങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രങ്ങള്‍ പല രാജ്യങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇതില്‍ പങ്കാളികളായ ഓരോ കമ്പനിയും ഓരോ വിമാനഭാഗങ്ങള്‍ പൂര്‍ണമായും നിര്‍മിച്ച് അസംബ്ലി ചെയ്യുന്ന അവസാന കേന്ദ്രത്തിലേയ്ക്ക് എത്തിക്കുകയായിരുന്നു പതിവ്.
ചിറകുകളും ലാന്‍ഡിങ് ഗിയറും യുകെയിലാണ് നിര്‍മിക്കുന്നതെങ്കില്‍ വാലും വാതിലുകളും സ്പെയിനിലാണ് നിര്‍മിക്കുന്നത്.
വിമാനത്തിന്റെ ഫ്യൂസലേജ് ജര്‍മനിയിലും മൂക്കും നടുഭാഗവും ഫ്രാന്‍സിലുമാണ് തയ്യാറാക്കുക. എയര്‍ബസ് ഒറ്റ കമ്പനിയായ ശേഷവും ഇതില്‍ മാറ്റം വന്നില്ല. വലിയ വലുപ്പമുള്ള വിമാനഭാഗങ്ങള്‍ റോഡ് വഴിയോ കപ്പല്‍ മാര്‍ഗമോ എത്തിക്കും.
എന്നാല്‍ ആവശ്യക്കാരും നിര്‍മാണവും വര്‍ധിച്ചതോടെ ഈ കാലതാമസം വലിയ പ്രശ്നമായി. ഇതോടെ വിമാനഭാഗങ്ങള്‍ ആകാശമാര്‍ഗം എത്തിക്കാന്‍ തീരുമാനിച്ചു.
ഇങ്ങനെ വലുപ്പമേറിയ വിമാനഭാഗങ്ങള്‍ ആകാശമാര്‍ഗം കൊണ്ടുവരുന്നതിന് ഭീമന് ഫ്യൂസലേജോടു കൂടിയ സ്കൈലിങ്ക് സൂപ്പര്‍ ഗപ്പി എന്ന വിമാനം 1984ല്‍ നിര്‍മിച്ചു.
അതുവരെ റെയില്‍ മാര്‍ഗവും റോഡ് മാര്‍ഗവും കൊണ്ടുപോയിരുന്ന വിമാനഭാഗങ്ങളില്‍ പലതും നാല് ഗപ്പി വിമാനങ്ങള്‍ അതിവേഗം അസംബ്ലിങ് കേന്ദ്രത്തിലേയ്ക്ക് എത്തിക്കാന്‍ തുടങ്ങി.
നാസയുടെ ബഹിരാകാശ പദ്ധതിയ്ക്കായി തയ്യാറാക്കിയ 1940 മോഡല്‍ ബോയിങ് സ്ട്രാറ്റോക്രൂസര് വിമാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയായിരുന്നു ഈ വിമാനം തയ്യാറാക്കിയത്.
എന്നാല്‍ ഓരോ എയര്‍ബസ് വിമാനവും നിര്‍മിക്കുന്നത് ബോയിങ് വിമാനത്തിന്റെ ചിറകിലേറിയാണ് എന്ന പഴി എയര്‍ബസിന് വലിയ തലവേദനയാകുകയും ചെയ്തു.
എന്നാല്‍ കാലപ്പഴക്കം കൂടിയായതോടെ എയര്‍ബസിന് പിന്നീട് മറ്റു വഴികള്‍ ആലോചിക്കേണ്ടി വന്നു. ഇന്ധനത്തിന്റെ ഉപയോഗവും വളരെ കൂടുതലായിരുന്നു.
ഗപ്പി വിമാനങ്ങള്‍ നിലത്തിറക്കി വിമാനഘടകങ്ങള്‍ കൊണ്ടുപോകാന്‍ എയര്‍ബസ് മറ്റു വഴികള്‍ ആലോചിച്ചു.
റോഡ്, റെയില്‍, കപ്പല്‍ മാര്‍ഗങ്ങളെല്ലാം ആലോചിച്ചെങ്കിലും ചരക്കുനീക്കത്തിലെ കാലതാമസമായിരുന്നു വെല്ലുവിളി.
കൂടാതെ ഫ്രാന്‍സിലെ ടൂളൂസിലേയ്ക്ക് റോഡ്, റെയില്‍ ഗതാഗതമാര്‍ഗങ്ങള്‍ പരിമിതവുമായിരുന്നു. ഇതോടെ 1990കളുടെ പകുതിയോടെ ഗപ്പി വിമാനങ്ങള്‍ക്ക് പകരം വെക്കാന്‍ പുതിയ വിമാനം വികസിപ്പിക്കാന്‍ എയര്‍ബസ് ശ്രമം ആരംഭിച്ചു.
എയര്‍ബസ് നിര്‍മിക്കുന്ന ഏറ്റവും വലുപ്പമേറിയ വിമാനഭാഗവും കയറ്റാന്‍ തക്ക വലുപ്പവും ശക്തിയും പുതിയ ചരക്കുവിമാനത്തിന് ഉണ്ടാകണം എന്നതായിരുന്നു ആവശ്യം.
ഇതിനായി പല മാര്‍ഗങ്ങളും പരിഗണിച്ചു. ലഭ്യമായ വലിയ വിമാനങ്ങളായ ആന്റോണോവ് 124, ഇലൂഷിന്‍ ഇല് 86, ബോയിങ് 747, ബോയിങ് 767, ലോക്ക്ഹീഡ് സി5 ഗാലക്സി, ഗ്ലോബ്മാസ്റ്റര് 3 എന്നിങ്ങനെ ശക്തിയേറിയ വലിയ വിമാനങ്ങളെല്ലാം പരിഗണിച്ചെങ്കിലും വലുപ്പമില്ലായ്മ വലിയ പ്രശ്നമായി തുടര്‍ന്നു.
ബോയിങ് 767 വിമാനങ്ങള്‍ക്ക് വലിയ ഫ്യൂസലേജ് ഘടിപ്പിച്ചു നല്‍കാമെന്ന വാഗ്ദാനവും നിസരിക്കപ്പെട്ടു.
ഒടുവില്‍ എയര്‍ബസ് കുടുംബത്തില്‍ നിന്നു തന്നെയുള്ള എ300 – 600ആര് എന്ന ഇരട്ട എന്ജിന് വിമാനത്തില്‍ മാറ്റങ്ങള്‍ വരുത്തി ഭീമന് വിമാനം ഉണ്ടാക്കാനുള്ള തീരുമാനം അംഗീകരിക്കപ്പെട്ടു.
ഇതിനായി 1991 ഓഗസ്റ്റില്‍ എയര്‍ബസ് കമ്പനിയുടെ പങ്കാളികളായ എയ്റോസ്പേഷ്യല്, ഡാസാ എന്നീ രണ്ട് കമ്പനികള്‍ ചേര്‍ന്ന് പുതിയ സംയുക്ത സംരംഭം ആരംഭിച്ചു.
1992 സെപ്റ്റംബറില്‍ ആദ്യ ബലൂഗയുടെ നിര്‍മാണം ആരംഭിച്ചു. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി 1994ല്‍ യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയുടെ അംഗീകാരവും നേടി.
എയര്‍ബസിന്റെ അനുബന്ധ കമ്പനികളില്‍ പലതിന്റെയും സഹായത്തോടെയാണ് ബലൂഗ വിമാനം നിര്‍മിച്ചത്.
ഗപ്പി വിമാനങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ ബലൂഗ ഏറെ മുന്നിലായിരുന്നു. വലുപ്പത്തിലും വേഗതയിലും മുന്നിലുള്ള വിമാനത്തിന് മൂന്നിരട്ടിയോളം ഇന്ധനക്ഷമതയുമുണ്ട്.
നൂറ് കോടി ഡോളറാണ് എയര്‍ബസ് ഈ പദ്ധതിയ്ക്കായി മുതല്‍ മുടക്കിയത്. അഞ്ചോളം വിമാനങ്ങളും നിര്‍മിച്ചു. ഇന്ന് ബലൂഗ വിമാനങ്ങള്‍ പറത്താനായി പ്രത്യേക ഉപകമ്പനിയും എയര്‍ബസിനുണ്ട്.
ആഴ്ചയില്‍ 60 തവണ വീതം യൂറോപ്പിലെ ഒന്‍പത് എയര്‍ബസ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ബലൂഗ വിമാനങ്ങള്‍ പറക്കുന്നുണ്ട്.
എയര്‍ബസ് ഭാഗങ്ങള്‍ കൊണ്ടുപാകനാണ് നിര്‍മിച്ചതെങ്കിലും ആവശ്യക്കാര്‍ക്ക് വിമാനങ്ങള്‍ വാടകയ്ക്ക് നല്‍കാറുമുണ്ട്.
ബഹിരാകാശ വാഹനങ്ങളുടെ ഘടകങ്ങളും വലിയ കലാസൃഷ്ടികളും യന്ത്രസാമഗ്രികളും ഹെലികോപ്റ്ററുകളും പലയിടത്തേയ്ക്കായി ബലൂഗ വിമാനങ്ങള്‍ എത്തിക്കുന്നുണ്ട്. ബലൂഗയെക്കാള്‍ വലുപ്പമേറിയ ബലൂഗ എക്സ്എല്‍ 2018ലാണ് നിര്‍മിക്കുന്നത്.