ഭാര്യ എച്ച്ഐവി പോസിറ്റീവാണെന്ന് കള്ളം പറഞ്ഞ് വിവാഹ മോചനത്തിനു ശ്രമിച്ചയാളുടെ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി.
ഭാര്യ രോഗിയാണെന്നും താന്‍ അതിന്റെ മാനസിക പ്രയാസത്തിലാണെന്നുമുള്ള വാദം തെളിയിക്കാന്‍ ഹര്‍ജിക്കാരനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഡിവിഷന് ബെഞ്ചിന്റെ നടപടി.
ഭാര്യ എയ്ഡ്സ് രോഗിയാണെന്നു ചൂണ്ടിക്കാട്ടി വിവാഹമോചനം തേടി ഇയാള്‍ നല്കിയ ഹര്‍ജി കുടുംബ കോടതി തള്ളിയിരുന്നു.
ഇതു ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ രോഗിണിയാണെന്നു തെളിയിക്കാന്‍ ഒരു രേഖയും ഹാജരാക്കാന്‍ ഇയാള്‍ക്കായില്ല.
വിവാഹ ബന്ധം പുനസ്ഥാപിക്കാനാവാത്ത വിധം തകര്‍ന്നതായി സ്ഥാപിക്കാന്‍ ഹര്‍ജിക്കാരനു കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.
2003ലാണ് ഇരുവരുടെയും വിവാഹം നടന്നത്. അന്നു മുതല്‍ തന്നോടും കുടുംബത്തോടും മോശമായാണ് ഭാര്യ പെരുമാറുന്നതെന്ന് ഹര്ജിക്കാരന് വാദിച്ചു.
ഭാര്യയ്ക്ക് ക്ഷയരോഗമുണ്ടെന്നും ഇയാള്‍ പറഞ്ഞു. 2005ല്‍ നടത്തിയ പരിശോധനയില്‍ ഭാര്യ എച്ച്ഐവി പോസിറ്റിവ് ആണെന്നു കണ്ടെത്തി. ഇനിയും ഇവര്‍ക്കൊപ്പം കഴിയാനാവില്ലെന്നും ഭര്‍ത്താവ് ബോധിപ്പിച്ചു.
എന്നാല്‍ തന്റെ എച്ച്ഐവി ടെസ്റ്റ് നെഗറ്റീവ് ആയിരുന്നെന്നും എന്നാല്‍ ഭര്‍ത്താവ് അന്നു മുതല്‍ താന്‍ എയ്ഡ്സ് രോഗിയാണെന്നു പ്രചരിപ്പിക്കുകയാണെന്നും ഭാര്യ കോടതിയെ അറിയിച്ചു.
മെഡിക്കല്‍ രേഖകള്‍ ഹാജരാക്കാന്‍ ഭര്‍ത്താവ് പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു.