സമൂഹ മാധ്യമങ്ങളുടെ വരവോടെ പലര്‍ക്കും തങ്ങളുടെ കഴിവുകളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നു.
എന്നാല്‍ ചില സമയങ്ങളില്‍ അനുചിതമായ വിഷയങ്ങള്‍ നിമിത്തം ചിലര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്.
എന്നിരുന്നാലും സൈബര്‍ ലോകത്ത് ഒരു വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ നിലകൊള്ളാറുണ്ട്.
അടുത്തിടെ ടിക് ടോക്കില്‍ “ദ സിംഗിംഗ് വിഡോ’ എന്നറിയപ്പെടുന്ന ജെസീക്ക അയേഴ്സിന് സമൂഹ മാധ്യമങ്ങളുടെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.
അതിന് കാരണം അവരുടെ ഭര്‍ത്താവിന്റെ കൊലപാതകത്തെ അവര്‍ സമൂഹ മാധ്യമങ്ങളില്‍ നൃത്തത്തോടെ അവതരിപ്പിച്ചതാണ്.
2014 ലാണ് ജെസീക്കയുടെ ഭര്‍ത്താവായിരുന്ന ജോണ്‍ ഹോഗിനെ ഒരാള്‍ വെടിവെച്ചു കൊന്നത്.
അന്നേരം ഇവര്‍ക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ച് മൂന്നുദിവസം മാത്രമേ ആയിരുന്നുള്ളു. ഈ സംഭവം അന്നാട്ടില്‍ വളരെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
11 മാസത്തിന് ശേഷം ഹോഗിന്റെ കൊലായാളിക്ക് കോടതി മരണശിക്ഷ വിധിച്ചു. താനാ സമയം അയാളെ സന്ദര്‍ശിച്ചെന്നും ആ കൊലയാളിയോട് താനും ഹോഗും തമ്മിലുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് പറഞ്ഞെന്നും ജെസീക്ക ഈ വീഡിയോയില്‍ പറയുന്നു.
കൊലയാളി എന്നെങ്കിലും അനുതപിച്ചാല്‍ അന്ന് തന്റെ മുഖം ഓര്‍ക്കണമെന്നും ജെസീക്ക കൊലയാളിയോട് പറഞ്ഞത്രെ.
എന്നാല്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിച്ച് ജെസീക്ക പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ അവര്‍ക്ക് വലിയ അവമതിപ്പുളവാക്കി.
ഇത് വെറും അനാദരവാണെന്നും സ്വന്തം ഭര്‍ത്താവിന്റെ മരണം ഇത്ര സാധാരണമായി കണ്ട് ചുവടുവച്ചത് ശരിയല്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ അനുസരിച്ച് നിലവില്‍ പുനര്‍വിവാഹം ചെയ്ത ജെസീക്ക ഇപ്പോള്‍ ഈ വീഡിയോ ചെയ്തത് വൈറലാകാന്‍ മാത്രമാണെന്നും ചിലര്‍ വിമര്‍ശിച്ചു.
എന്നാല്‍ ജെസീക്കയെ പിന്തുണച്ചും ആളുകള്‍ എത്തി. ജെസീക്കയുടെ ഉദ്ദേശ്യം ആര്‍ക്കെങ്കിലും ബോധ്യമാകാത്തതിനാലാകാം ഇത്തരം വിമര്‍ശനം എന്നാണവരുടെ പക്ഷം.