കൊച്ചി: പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ക്രിമിനൽ കേസ് പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.
ഏലൂർ ഉദ്യോഗമണ്ഡൽ വള്ളോപ്പിള്ളി താഴേവീട്ടിൽ ഹരീഷ് (24), മരങ്ങാട്ട് വീട്ടിൽ മഹിന്ദ്ര സുബ്രഹ്മണ്യൻ (26) എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ്. വിജയ്ശങ്കർ പോസ്കോ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്.
കളമശേരി ഹോസ്റ്റലിന് സമീപത്ത് നിന്ന് ഇരുവരും ചേർന്ന് പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും കാറിൽ കടത്തിക്കൊണ്ടുപോകുകയും എറണാകുളം മറൈൻ ഡ്രൈവ് വാക്ക് വേയിൽ എത്തിച്ച ശേഷം അപമര്യാദയായി പെരുമാറുകയുമായിരുന്നു.
പെണ്‍കുട്ടികൾ ബഹളം വച്ചതിനെ തുടർന്ന് പ്രതികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു.ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ഒന്നാം പ്രതിക്ക് പെണ്‍കുട്ടികളുമായി അടുപ്പം ഉണ്ടായിരുന്നു.
അതു മുതലെടുത്ത് പെണ്‍കുട്ടികളെ റൈഡിനു പോകാം എന്നു പറഞ്ഞ് വശീകരിച്ചു കൊണ്ടുപോകുകയായിരുന്നു. ഹരീഷിന്റെ സുഹൃത്തായ മഹീന്ദ്രയുടെ കാറിലാണ് പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു പോയത്.
പെണ്‍കുട്ടികളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കേസിലെ രണ്ടാം പ്രതി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളും ഏലൂർ പോലീസ് സ്റ്റേഷനിൽ റൗഡ് ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്.