കൊച്ചി: ആൻവി ഫ്രഷ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 22 കോടി രൂപയോളം തട്ടിച്ച കേസിൽ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചത് 150 പേർ.
കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ കന്പനി എംഡി തിരുവനന്തപുരം ബാലരാമപുരം കട്ടച്ചാൽ കുഴി വിഎസ് നിവാസിൽ ശശിധരൻ മകൻ വി.എസ്. വിപിനെ(38) സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ്. വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു.
എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൻവി ഫ്രഷ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിക്കുന്ന നോണ് വെജ് സൂപ്പർമാർക്കറ്റിന് ഫ്രാഞ്ചൈസികൾ നൽകാമെന്ന് പരസ്യം നൽകിയാണ് പ്രതിയും ഭാര്യ ഉൾപ്പെടെയുള്ള കൂട്ടുപ്രതികളും ചേർന്ന് തട്ടിപ്പ് നടത്തിയത്.
പരസ്യം കണ്ട് ഫ്രാഞ്ചൈസി തുടങ്ങാൻ താല്പര്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള 150 ഓളം ആളുകൾ പണം നിക്ഷേപിച്ചു.
വൻ തുകയാണ് ഫ്രാഞ്ചൈസിക്കായി പ്രതികൾ കൈപ്പറ്റിത്.
ഫ്രാഞ്ചൈസികൾ പൂർണമായും ഫർണിഷ് ചെയ്ത്, സ്റ്റാഫുകൾ ഉൾപ്പെടെയുള്ളവരെ നിയമിച്ച് ദിവസവും 5,000 രൂപ വീതം 600 ദിവസത്തേക്ക് നൽകാമെന്നും തുടർന്ന് ലാഭത്തിന്റെ പകുതി നൽകാമെന്നുമായിരുന്നു വാഗ്ദാനം.
വാഗ്ദാനം വിശ്വസിച്ചു ബന്ധപ്പെട്ട നിരവധി ആളുകൾ പ്രതിയുടെ തട്ടിപ്പിനിരയായി. പണം വാങ്ങിയതിനു ശേഷം സമയപരിധി കഴിഞ്ഞിട്ടും ഫ്രാഞ്ചൈസി തുടങ്ങാതിരിക്കുകയും പണം തിരികെ കൊടുക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് നിക്ഷേപർ പോലീസിൽ പരാതി നൽകിയത്.
തുടർന്ന് പ്രതിയും കൂട്ടുപ്രതികളും ഒളിവിൽ പോകുകയായിരുന്നു. വഞ്ചിതരായവരുടെ പരാതിയിൽ നിലവിൽ ഒൻപത് കേസുകൾ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ട്.