കോട്ടയം: ലോട്ടറി കച്ചവടക്കാര്‍ക്ക് കള്ളനോട്ട് നല്കി കേസില്‍ അമ്മയെയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ അമ്പലപ്പുഴ കലവൂര്‍ ക്രിസ്തുരാജ് കോളനിയില്‍ പറമ്പില്‍ വിലാസിനി (68), മകള്‍ ഷീബ(34) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
വിലാസിനി ഇന്നലെ കോട്ടയം നഗരത്തിലെ ലോട്ടറിക്കടയില്‍ എത്തി ലോട്ടറി വാങ്ങുന്നതിനായി കള്ളനോട്ട് നല്‍കുകയായിരുന്നു. സംശയം തോന്നിയ കടയുടമ പോലീസില്‍ വിവരമറിയിച്ചു.
തുടര്‍ന്ന് വെസ്റ്റ് പോലീസ് സ്ഥലത്തെത്തി നോട്ടുകള്‍ കള്ളനോട്ട് ആണെന്ന് തിരിച്ചറിയുകയും, വിലാസിനിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇവരുടെ പക്കല്‍നിന്നും 100 രൂപയുടെ 14 വ്യാജ നോട്ടുകളും കണ്ടെടുത്തു. വിലാസിനിയെ ചോദ്യം ചെയ്തതോടെ ഇവരുടെ മകള്‍ കൂടി സംഭവത്തിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കിയ പോലീസ് സംഘം ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന കുറിച്ചി കാലായിപ്പടി ഭാഗത്തെ വീട്ടിലെത്തി മകള്‍ ഷീബയെ പിടികൂടുകയായിരുന്നു.
വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഹാളിലെ കട്ടിലിനടിയില്‍ പത്രപേപ്പറില്‍ ഒളിച്ചു വച്ചിരുന്ന 500 രൂപയുടെ 31, ഇരുന്നൂറു രൂപയുടെ ഏഴ്, 100 രൂപയുടെ നാല്, 10 രൂപയുടെ എട്ട് വ്യാജ നോട്ടുകളും പോലീസ് കണ്ടെടുത്തു.
കൂടാതെ വ്യാജ നോട്ടുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലാപ്ടോപ്പും പ്രിന്ററും സ്കാനറും പോലീസ് കണ്ടെടുത്തു.ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു പഠിച്ച ശേഷമാണ് വ്യാജ കറന്‍സി ഉണ്ടാക്കിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
വ്യാജനോട്ടുകള്‍ വിലാസിനിയുടെ കൈയില്‍ കൊടുത്തുവിട്ട് ലോട്ടറി കച്ചവടക്കാരിൽനിന്ന് ലോട്ടറി വാങ്ങിയും മാര്‍ക്കറ്റിലെ ചെറുകിട കച്ചവടക്കാരില്‍നിന്നു സാധനങ്ങള്‍ വാങ്ങിയുമാണ് മാറ്റിയെടുത്തിരുന്നത്.
എസ്എച്ച്ഒ അനൂപ് കൃഷ്ണ, എസ്ഐ ടി. ശ്രീജിത്ത്, സിപിഒമാരായ എ.സി. ജോര്‍ജ്, മഞ്ജുള, സി.എച്ച. ഷാഹിന എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.