ഹരിപ്പാട്: മയക്കുമരുന്ന് വില്പന യുമായി ബന്ധപ്പെട്ട് വിദേശ പൗരൻ ഉൾപ്പെടെ മൂന്നുപേർ പോലീസ് പിടിയിൽ. മാരക മയക്കുമരുന്നായ എംഡിഎംഎ വിൽപ്പന നടത്തുന്ന സംഘത്തിലെ നൈജീരിയൻ സ്വദേശിയെയും രണ്ടു തമിഴ്നാട് സ്വദേശികളെയുമാണ് ഹരിപ്പാട് പോലീസ് തമിഴ്നാട്ടിൽനിന്നു പിടികൂടിയത്.
മയക്കുമരുന്ന് മൊത്തവിതരണക്കാരനായ നൈജീരിയൻ സ്വദേശിയായ ജോൺ കിലാച്ചി ഓഫറ്റോ, തിരുപ്പൂർ സ്വദേശികളായ തിരുപ്പൂർ സെക്കൻഡ് സ്ട്രീറ്റ്, 46 കാമരാജ് നഗർ വടിവേൽ (43), തിരുവല്ലൂർ ഫസ്റ്റ് സ്ട്രീറ്റ്, രായപുരം മഹേഷ് കുമാർ (27) എന്നിവരാണ് അറസ്റ്റിലായത്.
2011 നവംബർ എട്ടിന് ഡാണാപ്പാടിയിലെ സ്വകാര്യ റിസോർട്ടിൽ മുറിയെടുത്ത് എംഡിഎംഎ വില്പന നടത്തുന്നതിനിടയിൽ ഏഴു യുവാക്കൾ പോലീസ് പിടിയിലായിരുന്നു.
തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികളുടെ വാട്സ്ആപ്, ഗൂഗിൾ പെയ്മെന്റ് തുടങ്ങിയവയിലൂടെ നടത്തിയ അന്വേഷണത്തിലാണ് കേരളത്തിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രതികൾ പിടിയിലായത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, കായംകുളം ഡിവൈഎസ്പി അലക്സ് ബേബി എന്നിവരുടെ നിർദ്ദേശപ്രകാരം ഹരിപ്പാട് എസ്എച്ച്ഒ ശ്യാം കുമാർ വി.എസ്, എസ്ഐ, സവ്യസാചി, സീനിയർ സിപിഒ. അജയകുമാർ, നിഷാദ്, അഖിൽ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.