കാഞ്ഞിരപ്പള്ളി: അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം തേടിയെത്തിയത് കാഞ്ഞിരപ്പള്ളിയിലെ സഹോദരങ്ങളെ. ചോറ്റി കിടങ്ങിൽ കെ.എസ്. ശ്രീരാജ്, കെ.എസ്. കൃഷ്ണ എന്നിവർക്കാണ് അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അടിച്ചത്.
AR 937475 എന്ന നമ്പറിനാണ് സമ്മാനം. ശനിയാഴ്ച വൈകുന്നേരം കാഞ്ഞിരപ്പള്ളിയിലെ ജയകുമാർ ലോട്ടറി കടയിൽനിന്നാണ് ഇവർ ലോട്ടറിയെടുത്തത്.
ഇരുവർക്കും കാഞ്ഞിരപ്പള്ളിയിൽത്തന്നെ കെജിഎസ്, മഹാലക്ഷ്മി എന്നീ ലോട്ടറി കടകളുണ്ട്. എന്നാൽ, ഇവർ ഇടയ്ക്കിടെ മറ്റു ലോട്ടറി കടകളിൽനിന്ന് ലോട്ടറിയെടുക്കാറുണ്ട്. ഇങ്ങനെയെടുത്ത ലോട്ടറിക്കാണ് സമ്മാനം ലഭിച്ചത്.
ഇരുവരും കഴിഞ്ഞ 13നാണ് വിവാഹിതരായത്. അശ്വതിയാണ് ശ്രീരാജിന്റെ ഭാര്യ. കൃഷ്ണയുടെ ഭാര്യ ശ്രീക്കുട്ടിയും. ലോട്ടറി ഇന്നു ബാങ്കിൽ ഏൽപ്പിക്കും. വാടകയ്ക്ക് താമസിക്കുന്ന ഇവർക്ക് കാഞ്ഞിരപ്പള്ളിയിൽത്തന്നെ സ്വന്തമായി ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രഹം.