പത്തനംതിട്ട: പത്തനംതിട്ട, കൊടുമണ്‍ പോലീസ് സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് ആടിനെ മോഷ്ടിച്ചതിന് അറസ്റ്റിലായി.
വള്ളിക്കോട് വെള്ളപ്പാറ മുകളുപറമ്പില്‍ അരുണിനെയാണ് (27) കൊടുമണ്‍ പോലീസ് അറസ്റ്റു ചെയ്തത് കൊടുമണ്‍ ശാന്ത ഭവനം ഗിരീഷിന്റെ വീട്ടിലെ ആടിനെയാണ് ഇയാള്‍ മോഷ്ടിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. വീടിന് സമീപത്തെ വയലില്‍ തീറ്റതിന്നാന്‍ കെട്ടിയിരുന്ന രണ്ട് വയസുള്ള ആടിനെയാണ് യുവാവ് അഴിച്ചുകൊണ്ടുപോയത്.
5000 രൂപ വിലവരും. ഉടന്‍ തന്നെ ഗിരീഷിന്റെ ഭാര്യ ആതിര, പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. ഇവരുടെ മൊഴിപ്രകാരം കേസെടുത്ത പോലീസ്, മഞ്ഞിപ്പുഴ ഏലായില്‍ ആടുമായി അരുണിനെ കണ്ടെത്തി.
സംശയകരമായ സാഹചര്യത്തില്‍ ഇവിടെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായി സംസാരിച്ചു. ആതിരയെ സ്ഥലത്ത് വിളിച്ചുവരുത്തി, ആടിനെ കാണിച്ച് തിരിച്ചറിഞ്ഞ അരുണിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
ആടിനെ ഉടമസ്ഥയ്ക്ക് തിരിച്ചുനല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ദേഹോപദ്രവം ഏല്പിക്കല്, മന പൂര്‍വമല്ലാത്ത നരഹത്യാശ്രമം, തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ നേരത്തെ പ്രതിയാണ് അരുണെന്ന് പോലീസ് പറഞ്ഞു.
കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.