തിരുവല്ല: പത്തനംതിട്ട ജില്ലയുടെ കായിക തലസ്ഥാനമെന്ന ഖ്യാതി ഉണ്ടായിരുന്ന തിരുവല്ല പട്ടണത്തിന്റെ പബ്ലിക് സ്റ്റേഡിയം ആർക്കും വേണ്ടാത്ത അവസ്ഥയിൽ.
കേരളത്തിന്റെ ഫുട്ബോൾ ചരിത്രത്തിൽ നിരവധി താരങ്ങളെയും ഒഫീഷ്യലുകളെയുമൊക്കെ സംഭാവന ചെയ്ത തിരുവല്ലയുടെ മണ്ണിലെ സ്റ്റേഡിയത്തിനുണ്ടായ ദുരവസ്ഥയിൽ വിലപിക്കുകയാണ് കായികപ്രേമികൾ.
ലോക ഫുട്ബോളിന്റെ ആരവം ലോകമെങ്ങും ഉയരുന്പോഴും തിരുവല്ലയുടെ സ്വന്തം ഗ്രൗണ്ടിൽ പന്തുരുളാൻ കഴിയാത്തതിന്റെ മനോദുഃഖവും താരങ്ങൾക്കുണ്ട്.
ജനകീയ കൂട്ടായ്മയിൽ രൂപംകൊണ്ടതാണ് തിരുവല്ല പബ്ലിക് സ്റ്റേഡിയം. എംഎൽഎ ആയിരുന്ന പി.സി.തോമസിന്റെ നേതൃത്വം ഇതിന് ഏറെ സഹായം ചെയ്തു.
പിന്നാലെ മാമ്മൻ മത്തായി എംഎൽഎ ആയപ്പോഴും സ്റ്റേഡിയത്തിന്റെ വികസനത്തിനു വേണ്ടി ഏറെ കാര്യങ്ങൾ ചെയ്തു. എന്നാൽ, 2015ൽ എത്തിയപ്പോഴേക്കും സ്റ്റേഡിയത്തെ പൂർണമായി തഴഞ്ഞു.
പൊതുജനപങ്കാളിത്തത്തോടുകൂടി പവലിയനോടെ നിർമിച്ച സ്റ്റേഡിയങ്ങൾതന്നെ കേരളത്തിൽ കുറവാണ്.പത്തനംതിട്ട, കൊടുമൺ, അടൂർ, ചെങ്ങന്നൂർ തുടങ്ങി തിരുവല്ലയുടെ സമീപ സ്ഥലങ്ങളിൽ കേന്ദ്ര, സംസ്ഥാന ഗവൺമെന്റ് ഫണ്ട് ഉപയോഗിച്ചു സ്റ്റേഡിയങ്ങൾ രൂപപ്പെട്ടു വരുമ്പോൾ 30 വർഷങ്ങൾക്കു മുമ്പ് പൊതുജന പങ്കാളിത്തത്തോടെ രൂപപ്പെട്ട തിരുവല്ല പബ്ലിക് സ്റ്റേഡിയമാണ് അവഗണയിലായത്.
ദേശീയ, സംസ്ഥാന ചാന്പ്യൻഷിപ്പുകൾ
സന്തോഷ് ട്രോഫി ക്ലസ്റ്റർ മത്സരങ്ങളും സംസ്ഥാന സ്കൂൾ കായികമേളയും അടക്കമുള്ള ദേശീയ, സംസ്ഥാന ചാന്പ്യൻഷിപ്പുകൾക്കു പത്തനംതിട്ട പബ്ലിക് സ്റ്റേഡിയം വേദിയായതാണ്.
രഞ്ജി ട്രോഫി, സംസ്ഥാന സീനിയർ പുരുഷ – വനിതാ ചാമ്പ്യൻഷിപ്പ്, ഇന്റർ യൂണിവേഴ്സിറ്റി വനിതാ ഫുട്ബോൾ, സംസ്ഥാന സ്കൂൾ ഗെയിംസ്, എംജി യൂണിവേഴ്സിറ്റി അത് ല്റ്റിക് മീറ്റ് എന്നിവയ്ക്കും തിരുവല്ല വേദിയൊരുക്കിയിരുന്നു. 2015ലെ കൊച്ചീപ്പൻ മാപ്പിള മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിനാണ് ഏറ്റവും ഒടുവിൽ പബ്ലിക് സ്റ്റേഡിയം വേദിയായത്.
ഉടമസ്ഥർ നഗരസഭ
പബ്ലിക് സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം തിരുവല്ല നഗരസഭയ്ക്കാണ്. സ്റ്റേഡിയത്തിന്റെ സംരക്ഷണ വിഷയത്തിൽ ഉടമസ്ഥരായ മുനിസിപ്പാലിറ്റി ഒന്നുംതന്നെ ചെയ്യുന്നില്ല.
പ്രത്യേകിച്ച് 2018 ലെ വെള്ളപ്പൊക്കത്തിനു ശേഷം സ്റ്റേഡിയത്തിലെ പുല്ലുവെട്ടാനോ കളികൾക്ക് അനുയോജ്യമായ രീതിയിൽ സംരക്ഷിക്കാനോ ആരും ശ്രമിച്ചിട്ടില്ല.
സ്റ്റേഡിയത്തി ഇപ്പോൾ നാഥനില്ലാത്ത അവസ്ഥയായി. 2020ലെ പുതിയ നഗരസഭാ കൗൺസിൽ നിലവിൽ വന്നതിനു ശേഷം സ്റ്റേഡിയം പുനരുദ്ധാരണത്തിനു വേണ്ടി പല കൗൺസിലർമാരും നിരന്തരം മുറവിളി കൂട്ടി.
കായികാധ്യാപകൻ കൂടിയായിരുന്ന ഡോ.റെജിനോൾഡ് വർഗീസിന്റെ നേതൃത്വത്തിൽ നവീകരണത്തിനുള്ള പ്ലാനും പദ്ധതികളും തയാറാക്കി. മൂന്നു കോടി രൂപ ബജറ്റിലും ഉൾപ്പെടുത്തി.
എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ വാഗ്ദാനം ഉണ്ട്. അതിന്റെ ഡിപിആർ അംഗീകരിച്ചതല്ലാതെ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല. കേന്ദ്ര സർക്കാർ കാലാവധി അവസാനിച്ചാൽ എംപി ഫണ്ടും ഇല്ലാതാകും.
വെളിച്ചം കണ്ടില്ല
സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ടു തയാറാക്കിയ വിപുലീകരണ പദ്ധതികളും വെളിച്ചം കണ്ടില്ല. നഗരസഭയുടെ കെടുകാര്യസ്ഥതയുടെ പര്യായമാണ് നഗരസഭാ പാർക്കിലുള്ള സ്വിമ്മിംഗ് പൂൾ. രാമപുരം മാർക്കറ്റ്, ടൗൺ ഹാൾ പൊളിച്ചിടത്തു വിഭാവനം ചെയ്ത മുനിസിപ്പൽ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് തുടങ്ങിയ പദ്ധതികൾ ജലരേഖകളായി.
സ്റ്റേഡിയം കൺവൻഷൻ പോലെയുള്ള പൊതുപരിപാടികൾക്കു വിട്ടുനൽകാനാണ് ഇപ്പോഴത്തെ നീക്കം. ഇത്തരം തീരുമാനങ്ങൾ കായികരംഗത്തെ പിറകോട്ടടിക്കുമെന്നു കായികപ്രേമികൾ പറയുന്നു.
കായികപ്രേമികൾ പ്രക്ഷോഭത്തിലേക്ക്
തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ മാറ്റി പുനർനിർമാണ പ്രവർത്തനങ്ങളിലേക്കു നഗരസഭ മാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്കു പൊതുജനങ്ങളും കായികപ്രേമികളും രംഗത്തിറങ്ങുമെന്ന് മുന്നറിയിപ്പ്.
പൊതുജന വികാരത്തെ മാനിക്കാതെ ചെറിയ സാമ്പത്തിക ലാഭത്തിനു നഗരസഭ തുനിഞ്ഞാൽ അതിനു വലിയ വില നൽകേണ്ടിവരുമെന്നും ഇവർ പറയുന്നു.
പല കൗൺസിലർമാരുടെയും വിയോജനക്കുറിപ്പ് മാനിക്കാതെ അധികാര ദുർവിനിയോഗത്തിലൂടെ മറ്റു പരിപാടികൾക്കു വേണ്ടി സ്റ്റേഡിയം വിട്ടുനൽകാനുള്ള സ്ഥാപിത താല്പര്യം അടിച്ചേല്പിക്കാനുള്ള ശ്രമത്തെ ശക്തമായി നേരിടുമെന്നും കായികപ്രേമികൾ പറഞ്ഞു.
.