മാന്നാർ: കുന്നത്തൂർ രാമുവിന്റെ കൊമ്പുകൾ വെട്ടി മിനുക്കി കൂടുതൽ സുന്ദരനാക്കി. കൂടുതൽ സുന്ദരനായി തലയെടുപ്പോടെയുള്ള രാമുവിന്റെ പുത്തൻ ചിത്രം ഏറ്റെടുത്ത് ആനപ്രേമികൾ.
മാന്നാർ കുട്ടംപേരൂർ കുന്നത്തൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ആനയായ കുന്നത്തൂർ രാമുവിന്റെ കൊമ്പുകൾ ക്രമാതീതമായി വളർന്നതോടെ തീറ്റയെടുക്കുന്നതിനും എഴുന്നള്ളിപ്പിനും മറ്റും ലോറിയിൽ കയറ്റിക്കൊണ്ടുപോകുന്നതിനും ബുദ്ധിമുട്ടായതിനെത്തുടർന്ന് നീളം കുറയ്ക്കാനായി കൊമ്പുകളുടെ അഗ്രങ്ങൾ മുറിച്ചുമാറ്റി.
ദേവസ്വം ഭരണസമിതി പ്രസിഡന്റും മാന്നാർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സുനിൽ ശ്രദ്ധേയം തിരുവനന്തപുരം ചീഫ് വൈൽഡ് ലൈഫ് വാർഡന് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൊമ്പുകളുടെ നീളം കുറയ്ക്കുകയായിരുന്നു.
100 സെന്റിമീറ്റർ നീളവും 44 സെ.മീ. മധ്യ ചുറ്റുവണ്ണവും ഉള്ള ഇടതുവശത്തെ കൊമ്പിന്റെ അഗ്രഭാഗത്തുനിന്നും 41 സെ.മീറ്റർ പുറം ചുറ്റുവണ്ണത്തിലും 26 സെ.മീറ്റർ അകം ചുറ്റുവണ്ണത്തിലും 107 സെന്റിമീറ്റർ നീളവും 42 സെ.മീറ്റർ മധ്യ ചുറ്റുവണ്ണവുമുള്ള വലതുവശത്തെ കൊമ്പിന്റെ അഗ്രഭാഗത്തുനിന്നും 45 സെ.മീറ്റർ പുറം ചുറ്റുവണ്ണത്തിലും 25 സെ.മീറ്റർ അകം ചുറ്റുവണ്ണത്തിലും മുറിച്ചുനീക്കിയതിനു ശേഷം രാകി മുല്ലമൊട്ട് രൂപത്തിലാക്കി.
ഇതിനുമുമ്പ് 2017 ലും 2020 ലും രാമുവിന്റെ കൊമ്പുകളുടെ നീളം കുറച്ചിരുന്നു. മുറിച്ചു നീക്കിയ ഒമ്പതര കിലോ തൂക്കം വരുന്ന കൊമ്പുകളുടെ ഭാഗം വനം വകുപ്പ് ഏറ്റെടുത്തു.
1998 ൽ കോട്ടയം പുതുപ്പള്ളി പരിയാരംകാര പാപ്പാലപ്പറമ്പിൽ പോത്തൻവർഗീസിൽ നിന്നുമാണ് കുന്നത്തൂർ ദേവസ്വം ആനയെ വാങ്ങിയത്.
വനം വകുപ്പ് വെറ്റിനറി ഡോ. സിബി, ഡോ. ശശീന്ദ്രദേവ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ. രാജേഷ്, ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർമാരായ ആരിഫ് പി.എ, അഷ്ടമൻപിള്ള, ആർ.ആർ. രാജേഷ്, പാപ്പാന്മാരായ ഉണ്ണികൃഷ്ണൻ നായർ, വേണു എന്നിവരുടെ സാന്നിധ്യത്തിൽ എളമക്കര വിനയൻ കണക്കൊപ്പിച്ച് കൊമ്പുകൾ മുറിച്ചൊരുക്കി.
കുന്നത്തൂർ ദേവസ്വം സെക്രട്ടറി അനിൽ കുമാർ, ട്രഷറർ ഹരിദാസ്പിള്ള, വൈസ്പ്രസിഡന്റ് ശരത് തമ്പി, കമ്മിറ്റിയംഗങ്ങളായ മഹേശ്വരൻ, ഗോപു, രതീഷ്, വിഷ്ണുദേവ് എന്നിവർ സന്നിഹിതരായി.