സ്വന്തം ലേഖകന്‍
കോഴിക്കോട്: രാസലഹരി ഉപയോഗം വര്‍ധിക്കുന്നതിന്റെ പേരില്‍ മദ്യത്തിന്റെ കുത്തൊഴുക്ക് കൂട്ടാനുള്ള നീക്കത്തിനെതിരേ മദ്യനിരോധനസമിതി രംഗത്ത്. കേരളത്തിന്റെ സ്വന്തം മദ്യമായ ‘ജവാന്’ പുറമേ ‘മലബാര്‍ ബ്രാണ്ടി’ കൂടി വിപണിയില്‍ എത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
പഴങ്ങളിൽനിന്ന് മദ്യം ഉത്പാദിച്ചും മലബാർ ബ്രാണ്ടി നിർമിച്ചും സർക്കാർ മദ്യ ഉപഭോഗം വർധിപ്പിക്കുകയാണെന്നു കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ടി.എം. രവീന്ദ്രൻ രാഷ്്ട്രദീപികയോട് പ്രതികരിച്ചു.
രാസലഹരി വളരെ അപകടകരമാണെന്ന സത്യം നിലനിൽക്കുന്പോഴും അതിന്റെ മറവിൽ മദ്യത്തിന്റെ ഒഴുക്ക് കൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നത്.
സർക്കാരിന്റെ മദ്യ നയത്തിലുള്ള ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് കേരള മദ്യനിരോധന സമിതി കേരളത്തിലുടനീളം ബിവറേജസ് ഔട്ട് ലെറ്റിന് മുന്പിൽ സമരം ചെയ്യുന്നതുൾപ്പടെ ആലോചനയിലാണെന്നും ടി.എം. രവീന്ദ്രൻ പറഞ്ഞു.
രാസലഹരി വരുംതലമുറയ്ക്ക് വലിയ നാശം വിതയ്ക്കുന്ന വിപത്താണെന്ന് സമിതിക്ക് സംശയമില്ല. എന്നാൽ അതിന്റെ മറവിൽ മദ്യത്തിന്റെ ഒഴുക്ക് സംസ്ഥാനത്ത് ഇരട്ടിയാക്കുന്നത് കണ്ടില്ലെന്ന് നടിക്കാനും മദ്യനിരോധന സമിതിക്ക് കഴിയില്ലെന്നു രവീന്ദ്രൻ പറഞ്ഞു.
മദ്യവർജനമാണ് നയമെന്നായിരുന്നു എൽഡിഎഫ് സർക്കാർ പറഞ്ഞിരുന്നത്. എന്നാലിപ്പോൾ സ്വന്തമായി ഒരു ബ്രാൻഡ് തന്നെ വികസിപ്പിച്ചെടുത്ത് വിൽക്കുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ജനങ്ങൾ ആരോഗ്യം നിലനിർത്തുന്നതിന് കഴിക്കേണ്ട പഴവർഗങ്ങളിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കാനുള്ള നീക്കവും ഇതിനോടകം തുടങ്ങിയിട്ടുണ്ട്. ഇത് അതീവ ഗുരുതര പ്രശ്നമായാണ് മദ്യ നിരോധന സമിതി കാണുന്നത്.
പഴങ്ങളിൽനിന്ന് മദ്യം ഉത്പാദിപ്പിക്കാനുള്ള നീക്കം സർക്കാർതന്നെ നടത്തുന്പോൾ ഭാവിയിൽ ഓരോ വീട്ടിലും പഴങ്ങൾകൊണ്ട് നിർമിക്കുന്ന വ്യാജമദ്യം സുലഭമാവും.
ലഹരി വ്യാപനം തടയുന്നതിൽ സർക്കാരിന് അൽപ്പമെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ ആദ്യം മദ്യത്തിന്റെ ഒഴുക്കാണ് കുറയ്ക്കേണ്ടതെന്നും ടി.എം. രവീന്ദ്രൻ പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ യുഡിഎഫിനും വലിയ താത്പര്യമില്ലെന്ന് രവീന്ദ്രൻ കുറ്റപ്പെടുത്തുന്നു.