അഹമ്മദാബാദ്: ഒരോവറിലെ ഏഴു പന്തും സിക്സറിനു പറത്തി ഇന്ത്യൻ ക്രിക്കറ്റ് താരം ഋതുരാജ് ഗെയ്ക്വാദ്. വിജയ് ഹസാരെ ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ മഹാരാഷ്ട്രയ്ക്കെതിരേയായിരുന്നു ഗെയ്ക്വാദിന്റെ 43 റണ്‍സിന്റെ സൂപ്പർ ഓവർ.
ശിവ സിംഗ് എറിഞ്ഞ 49-ാം ഓവറിലായിരുന്നു ഗെയ്ക്വാദിന്റെ റിക്കാർഡ് പ്രകടനം. ഒരു നോബോളടക്കം ഓവറിൽ ശിവയെറിഞ്ഞ ഏഴു ബോളും ഗാലറിയിലെത്തിച്ചു.
ലോകക്രിക്കറ്റിൽ ആദ്യമായാണ് വൈറ്റ് ബോൾ ഫോർമാറ്റിൽ ഒരു താരം തുടരെ ഏഴു സിക്സറടിക്കുന്നത്. 16 സിക്സറുകളോടെ ഒരിന്നിംഗ്സിൽ കൂടുതൽ സിക്സറുകളെന്ന ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ നേട്ടത്തിനൊപ്പവും ഗെയ്ക്വാദ് എത്തി.
മത്സരത്തിൽ പുറത്താവാതെ 220 റണ്‍സാണു താരം അടിച്ചുകൂട്ടിയത്. 159 പന്തിൽ 16 സിക്സറുകളും 10 ബൗണ്ടറികളും ഉൾപ്പെടുന്ന ഇന്നിംഗ്സ്.
49-ാം ഓവർ ആരംഭിക്കുന്പോൾ 147 പന്തിൽ 165 റണ്‍സ് എന്ന നിലയിലായിരുന്നു ഗെയ്ക്വാദ്. ഓവർ കഴിയുന്പോൾ 154 പന്തിൽ 201 റണ്‍സിലേക്കു താരം കുതിച്ചെത്തി.
ഗെയ്ക്വാദിന്റെ ഇന്നിംഗ്സിന്റെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 330 റണ്‍സ് നേടി. മറുപടി പറഞ്ഞ യുപി 47.4 ഓവറിൽ 272ന് എല്ലാവരും പുറത്തായി. മഹാരാഷ്ട്രയ്ക്ക് 58 റണ്‍സ് വിജയം. യുപിക്കായി ആര്യൻ ജുയൽ 159 റണ്‍സ് നേടി.