സ്വന്തം ലേഖകൻ
തൃശൂർ: ചേര്‍പ്പ് പല്ലിശ്ശേരി അമ്പലത്തിനു സമീപം അച്ഛനും മകനും കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. പല്ലിശ്ശേരി പനങ്ങാടന്‍ ചാത്തപ്പന്റെ മകന് ചന്ദ്രന് (62), മകന് ജിതിന് കുമാര്‍ (32) എന്നിവരാണ് മരിച്ചത്.
സംഭവത്തില്‍ ഇവരുടെ അയൽവാസിയായ പല്ലിശ്ശേരി കിഴക്കൂടന്‍ വേലപ്പനെ (59) പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനായ ജിതിന് വഴിയില്‍ കാറ് നിര്‍ത്തി അതില്‍ സ്പീക്കര്‍ ഘടിപ്പിക്കുകയായിരുന്നു. മദ്യപിച്ചനിലയില്‍ അതുവഴി വന്ന വേലപ്പന് ഇത് ചോദ്യംചെയ്തു. ജിതിന്റെ സഹോദരനും അച്ഛനും വേലപ്പനുമായി തര്‍ക്കം ഉണ്ടാവുകയും ചെയ്തു.
പിന്നാലെ, വീട്ടില്‍ പോയി കത്തിയുമായി വന്ന വേലപ്പന് അച്ഛനെയും മകനെയും കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാധയാണ് ചന്ദ്രന്റെ ഭാര്യ. നീതുവാണ് ജിതിൻകുമാറിന്റെ ഭാര്യ. സായന്ത്, സംസ്കൃത എന്നിവർ മക്കളാണ്. ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേൽ നടപടികൾ സ്വീകരിച്ചു.