കൊച്ചി: ഓടുന്ന കാറിനുള്ളിൽ പത്തൊന്‍പതുകാരി മോഡൽ കൂട്ടബലാത്സംഗത്തിനിരയായ കേസിൽ രക്ത പരിശോധനാഫലത്തിനുശേഷം കൂടുതൽ നടപടിക്കൊരുങ്ങി പോലീസ്.
പ്രതികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് അറിയുന്നതിനായി ഇവരുടെ രക്തസാന്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
അതിന്റെ ഫലം ഉടൻ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അതിനുശേഷമായിരിക്കും കൂടുതൽ നടപടികളിലേക്ക് പോലീസ് കടക്കുക.
മദ്യത്തിൽ മയക്കുമരുന്ന് നൽകി അവശയാക്കിയ ശേഷമാണ് പീഡനം നടന്നതെന്ന് ഇര വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല.
അതുകൊണ്ടുതന്നെ ശാസ്ത്രീയ പരിശോധനാഫലത്തിനായി പോലീസ് കാക്കുകയാണ്. അതേസമയം നാലാംപ്രതി രാജസ്ഥാൻ സ്വദേശി ഡിംപിൾ ലാംപയെ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊർജിതമായി നടക്കുന്നത്.
ഡിംപിളിന്റെ സൗഹൃദ വലയങ്ങൾ, സാന്പത്തിക ഇടപാടുകൾ ഇവയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസിലെ പ്രതികളായ ഡിംപിൾ ലാംപ, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ, നിധിൻ മേഘനാഥൻ, സുദീപ് എന്നിവർ റിമാൻഡിലാണ്.