കോട്ടയം/ ഗാന്ധിനഗര്‍: കോട്ടയം നഗരമധ്യത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് നേരേ ആക്രമണം നടത്തിയ മൂന്നംഗ സംഘം പിടിയില്‍. കോട്ടയം താഴത്തങ്ങാടി വേളൂര്‍, വേളൂര്‍ത്തറ മുഹമ്മദ് അസം (24), മാണിക്കുന്നം തഫീഖ് അഷറഫ് (22), കുമ്മനം ക്രസന്റ് വില്ലയില്‍ ഷബീര്‍ (32) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയും സുഹൃത്തും നഗരമധ്യത്തിലെ കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ്. രാത്രിയില്‍ വിദ്യാര്‍ഥിനിയുമായി കറങ്ങി നടക്കുന്നത് എന്തിനാണെന്ന് ചോദിച്ചും വിദ്യാര്‍ഥിനിയെ ശല്യം ചെയ്തത് കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥി ചോദ്യം ചെയ്തതിനെ തുടര്‍ന്നും അക്രമി സംഘം പിന്തുടര്ന്നെത്തി ക്രൂരമായി വിദ്യാര്‍ഥികളെ മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 10.30നാണ് സംഭവങ്ങളുടെ തുടക്കം. കോളജ് ഇലക്ഷന് വര്‍ക്കിനുശേഷം, ഭക്ഷണം കഴിയ്ക്കുന്നതിനായി വിദ്യാര്‍ഥിനിയും സുഹൃത്തും തിരുനക്കര തെക്കുംഗോപുരത്തിനു സമീപത്തെ തട്ടുകടയിലെത്തി. ഈ സമയം ഇവിടെ, പ്രതികളായ അക്രമി സംഘവുമുണ്ടായിരുന്നു.
ഭക്ഷണം കഴിയ്ക്കുന്നതിനിടെ വിദ്യാര്‍ഥിനിയോട് മോശം ഭാഷയില്‍ സംസാരിക്കുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്തതായി വിദ്യാര്‍ഥിനി പറഞ്ഞു. ഈ സമയം, ഇവരുടെ സുഹൃത്തായ മറ്റൊരു വിദ്യാര്‍ഥി ചാലുകുന്ന് ഭാഗത്ത് അപകടത്തില്‍പ്പെട്ടു. താഴത്താങ്ങാടിയിലെ താമസസ്ഥലത്തെത്തി വസ്ത്രങ്ങള്‍ എടുക്കണമെന്നാവശ്യപ്പെട്ട് സീനിയര്‍ വിദ്യാര്‍ഥി ഫോണ്‍ ചെയ്തതിനെ തുടര്‍ന്ന് ഇരുവരും ഭക്ഷണം കഴിച്ചശേഷം താഴത്തങ്ങാടിയിലെ റൂമിലേക്ക് പോയി.
റൂമില്‍നിന്നു വസ്ത്രങ്ങളെടുത്തശേഷം തിരികെ തിരുനക്കര തെക്കുംഗോപുരം വഴി ജനറല്‍ ആശുപത്രിയിലേക്ക് സ്കൂട്ടറില്‍ പോയ ഇവരെ അക്രമി സംഘം കാറില്‍ പിന്തുടര്ന്നെത്തി. തിരുനക്കര തെക്കേനടയുടെ ഭാഗത്തായി സ്കൂട്ടര്‍ തടഞ്ഞ ശേഷം ഇവരെ ചീത്തവിളിച്ചു. മോശമായി സംസാരിച്ചെങ്കിലും ഇവര്‍ പ്രതികരിച്ചില്ല.
തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്നതിനായി വണ്ടിയെടുത്തെങ്കിലും വീണ്ടും അക്രമിസംഘം പിന്തുടര്ന്നെത്തി. കാറില്‍നിന്ന് ഇറങ്ങിയയാള് വിദ്യാര്‍ഥിനിയോട് കയര്‍ത്ത് സംസാരിക്കുകയും കാറിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഇറങ്ങി ആണ്‍സുഹൃത്തിനെ അടിക്കുകയും ചെയ്തു.
ഇത് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന്, ഇരുവരെയും ക്രൂരമായി മര്‍ദിച്ചും വലിച്ചിഴച്ചു തിരുനക്കര ഭാഗത്തുനിന്നു സെന്‍ട്രല്‍ ജംഗ്ഷന് വരെയെത്തിച്ച് അക്രമിച്ചതായും മെഡിക്കല്‍ കോളജില്‍ കഴിയുന്ന ഇരുവരും പറഞ്ഞു.
ഇരുവരെയും നിലത്തിട്ട് ചവിട്ടുകയും തലമുടിയില്‍ പിടിച്ചുവലിയ്ക്കുകയും വയറിലും നാഭിയിലും ചവിട്ടുകയും അടിയ്ക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും കാണികളായി നില്‍ക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.വെസ്റ്റ് പോലീസിലെ കണ്ട്രോള് റൂമിലെ സിസിടിവിയില്‍ മര്‍ദ്ദന ദൃശ്യം കണ്ടതിനെത്തുടർന്ന് സെന്‍ട്രല്‍ ജംഗ്ഷന് സമീപം പട്രോളിംഗിലുണ്ടായിരുന്ന പോലീസിനെ വിവരമറിയിച്ചതോടെ വെസ്റ്റ് പോലീസ് സ്ഥലത്തെത്തി അക്രമികളെ പിടികൂടുകയും പരിക്കേറ്റ വിദ്യാര്‍ഥികളെ ജനറല്‍ ആശുപത്രിയിലെത്തിച്ചശേഷം, പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
വിദഗ്ധ പരിശോധനകള്‍ക്ക് വിധേമാക്കിയ ഇവരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കവേണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതികള്‍ക്കെതിരേ സ്ത്രീത്വത്തെ അപമാനിക്കല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. എസ്എച്ച്ഒ കെ.ആര്. പ്രശാന്ത് കുമാര്‍, എസ്ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.