ചേർപ്പ്: വല്ലച്ചിറയിൽ സ്വന്തമായി വാങ്ങിയ സ്ഥലത്ത് അടുത്ത മാസം പുതിയ വീടിന്റെ ഗ്രഹപ്രവേശനത്തിന് ഒരുങ്ങവെ പല്ലിശേരിയിൽ കുത്തേറ്റ് മരിച്ച ജിതിൻ കുമാറിന്റെ വിയോഗം കുടുംബത്തെ ദുഃഖത്തിലാഴ്ത്തി.
വാടക വീട്ടിൽ നിന്ന് പുതിയ ഭവനത്തിലേക്കു മാറി താമസിക്കുകയെന്ന പ്രതീക്ഷയാണു തെറ്റിയത്.വീടിനടുത്ത് കുത്തേറ്റ് 20 മിനിറ്റോളം വഴിയിൽ കിടന്ന മുത്തച്ഛൻ ചന്ദ്രന്റെയും പിതാവ് ജിതിന്റെയും മൃതദേഹത്തിനരികിൽ സംഭവമറിഞ്ഞ് എത്തിയ ജിതിന്റെ മക്കളായ സായന്തും സംസ്കൃതയും വാവിട്ട് നിലവിളിച്ചിരുന്ന കാഴ്ചയാണ് വിങ്ങലോടെ നാട്ടുകാർക്കു കാണാനായത്.
കത്തിക്കുത്തേറ്റ് രക്തം വാർന്ന് കിടക്കുന്ന ദയനീയകാഴ്ച കൊച്ചുമക്കൾക്കു കാണേണ്ടിവന്നതും ദൃക്സാക്ഷികളിലും വേദനയായി.
ചേർപ്പ്: വഴിയിൽ കാർ നിറുത്തിയിട്ടതിനെ ചൊല്ലിയുളള തർക്കത്തിനിടെ അയൽവാസിയായ ഗുണ്ടയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ച സംഭവത്തിൽ പ്രതി പല്ലിശേരി കിഴക്കൂടൻ വേലപ്പൻ (59) നെ അറസ്റ്റ് ചെയ്തു. പല്ലിശേരി ക്ഷേത്രത്തിനു സമീപം പനങ്ങാടൻ വീട്ടിൽ ചന്ദ്രൻ (62) മകൻ ജിതിൻ (32) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. കുറുപ്പം റോഡിൽ വാഹനങ്ങളിലെ ഇലക്ട്രിക്കൽ വർക്കുകൾ നടത്തുന്ന കടയിലെ ജോലിക്കാരനായ ജിതിൻ രാത്രി, വീട്ടിലേക്കുവരുന്ന റോഡിൽ കാർ നിർത്തിയിട്ട് സ്പീക്കർ ഘടിപ്പിക്കുകയായിരുന്നു.
മദ്യപിച്ച് വീട്ടിലേക്കു പോകുകയായിരുന്ന അയൽവീട്ടുകാരനായ വേലപ്പൻ, റോഡിൽ കാർ നിറുത്തിയിട്ടിരിക്കുന്നതിനെ എതിർത്തു. ജിതിനും അച്ഛൻ ചന്ദ്രനുമായി വാക്കേറ്റമായി. ഇതിനിടെ, വീട്ടിൽ പോയി കത്തിയെടുത്തുവന്ന് വേലപ്പൻ ഇരുവരേയും കുത്തുകയായിരുന്നു.
ഇന്നലെ വേലപ്പനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. റൂറൽ എസ്പി ഐശ്വര്യ ദോഗ്ര, ഇരിങ്ങാലക്കുട ഡിവൈ എസ്പി ബാബു തോമസ്, ചേർപ്പ് സിഐ ടി.വി. ഷിബു എന്നിവരുടെ നേതൃത്വത്തിലാണു തെളിവെടുപ്പു നടത്തിയത്.
ഫോറൻസിക് വിദഗ്ധരും കൊലനടന്ന സ്ഥലത്ത് പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതദേഹങ്ങൾ രാത്രി പാന്പാടി ഐവർമഠത്തിൽ സംസ്കരിച്ചു.