പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : കെ എസ് ആർ ടി സി ജീവനക്കാർക്ക് അർഹതയുള്ള അവധികളും ഡിസംബർ മാസത്തിൽ അനുവദിക്കേണ്ടതില്ല എന്ന് എംഡി ബിജു പ്രഭാകറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.
വർഷാവസാനമായതിനാൽ ജീവനക്കാർ കോമ്പൻ സേറ്ററി ഓഫ്, ഡ്യൂട്ടി ഓഫ് , കാഷ്വൽ ലീവ് എന്നിവ എടുത്തു തീർക്കുക പതിവാണ്. ഡ്രൈവർ, കണ്ടക്ടർ വിഭാഗം ജീവനക്കാർ ഇത്തരം അവധികൾ എടുത്താൽ സർവീസ് ഓപറേഷനുകളെയും ശബരിമല സ്പെഷൽ സർവീസുകളേയും അത് കാര്യമായി ബാധിക്കും.
ശബരിമല മണ്ഡലകാല – മകരവിളക്ക് തീർഥാടന കാലം സ്പെഷൽ സർവീസുകളിലൂടെ കെഎസ്ആർടിസി യ്ക്ക് വൻ വരുമാനം നേടി കൊടുക്കുന്ന കാലമാണ്.
സ്പെഷൽ സർവീസുകൾ ആവശ്യാനുസരണം നടത്താനും സാധാരണ നിലയിലുള്ള സർവീസുകൾ സുഗമമായി നടത്താനുമാണ് അവധികൾ നിഷേധിക്കുന്നത്.
ഡിസംബറിൽ അവധികൾ നിഷേധിക്കുമെങ്കിലും അവധികൾ എടുക്കാനുള്ള കാലാവധി നീട്ടി കൊടുത്തിട്ടുണ്ട്. വർഷാവസാനം ഡിസംബറാണെങ്കിലും അർഹതയുള്ള അവധികൾ 2023 മാർച്ച് 31 വരെയായി എടുക്കാനാണ് സമയം നീട്ടി നല്കിയത്.
ഡിസംബറിൽ മുൻകൂട്ടി അനുമതി വാങ്ങാതെ അവധി എടുത്താൽ ലീവ് വിത്തൗട്ട് അലവൻസ്, അല്ലെങ്കിൽ ആബ് സെന്റ് ആയി കണക്കാക്കാനാണ് യൂണിറ്റ് അധികൃതർക്ക് നിർദ്ദേശം നല്കിയിട്ടുള്ളത്.
ഇത്തരക്കാരെക്കുറിച്ചുള്ള റിപ്പോർട്ട് വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കൃത്യമായി സമർപ്പിക്കണം.