കാട്ടാക്കട: ഊരൂട്ടമ്പലത്തുനിന്ന് കാണാതായ അമ്മയെയും കുഞ്ഞിനെയും കടലിൽ തള്ളിയിട്ട് കൊന്ന കേസിൽ 11 വർഷത്തിനുശേഷം കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യും.
മരിച്ച ദിവ്യയുടെ പങ്കാളിയായിരുന്ന മാഹീൻ കണ്ണിനെതിരെ കൊലക്കുറ്റവും മാഹീന്റെ ഭാര്യ റുഖിയയ്ക്കെതിരെ ഗൂഢാലോചനാ കുറ്റവുമാകും ചുമത്തുക എന്ന് പോലീസ് പറഞ്ഞു. ഇന്നുതന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. രണ്ടുപേരെയും ഇനിയും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്.
2011 ഓഗസ്റ്റ് 19ന് കുളച്ചലിൽനിന്ന് കിട്ടിയ ദിവ്യയുടെ മൃതദേഹവും 23ന് കിട്ടിയ ഗൗരിയുടെ മൃതദേഹവും തമിഴ്നാട് പോലീസ് സംസ്കരിച്ചിരുന്നു.
ഇപ്പോൾ കന്യാകുമാരി ജില്ലയിലെ പുതുക്കട സ്റ്റേഷനിൽ നിന്ന് അന്വേഷണ സംഘം കേസ് രേഖകൾ ശേഖരിച്ചിട്ടുണ്ട്.മൃതദേഹ സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയയ്ക്കും.
പോലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് കുടുംബം
ഊരൂട്ടമ്പലത്തു നിന്ന് 2011 ൽ അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നു ഗുരുതര വീഴ്ച ഉണ്ടായെന്ന് ദിവ്യയുടെ കുടുംബം. കിടപ്പാടം വിറ്റ പണം പോലും പോലീസിന് കൈക്കൂലി നൽകി തീർന്നെന്നാണ് ദിവ്യയുടെ അമ്മ പറയുന്നത്.
തുടക്കം മുതൽ തെളിവുകളെല്ലാം മാഹിൻ കണ്ണിനെതിരായിരുന്നു. ദിവ്യയുടെ തിരോധാനത്തിന് ശേഷം അറിയാവുന്ന വിവരങ്ങളെല്ലാം പോലീസിനോട് പലവട്ടം പറഞ്ഞിട്ടും പരാതിയുമായി പോലീസ് സ്റ്റേഷൻ കയറി ഇറങ്ങിയിട്ടും ഒരു മിസിംഗ് കേസ് വരുമ്പോൾ ചെയ്യേണ്ട പ്രാഥമിക ഉത്തരവാദിത്തം പോലും പോലീസ് കാണിച്ചില്ല.
ഫോൺ രേഖകളടക്കം തെളിവുകളൊന്നും പരിശോധിച്ചുമില്ല. സുഹൃത്തിന്റെ വീട്ടിൽ ദിവ്യയെയും കുഞ്ഞിനെയും ആക്കിയെന്ന മാഹിൻകണ്ണിന്റെ ഒറ്റവാക്ക് വിശ്വാസത്തിലെടുത്ത പോലീസ് കേസ് പൂട്ടിക്കെട്ടുകയും ചെയ്തുവെന്ന് ദിവ്യയുടെ കുടുംബം ആരോപിക്കുന്നു.
2019 ലെ ഐഎസ് റിക്രൂട്ടിംഗിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് വർഷങ്ങളായി മാറനല്ലൂർ പോലീസ് ഉഴപ്പിക്കളഞ്ഞ ഈ കേസിലെ നിർണായക വിവരങ്ങൾ വീണ്ടും പൊടിതട്ടിയെടുക്കുന്നത്.
മാഹിൻകണ്ണിനെ ചോദ്യം ചെയ്തു. പക്ഷേ എന്നിട്ടും ദിവ്യയും കുഞ്ഞും എവിടെയാണെന്ന് മാത്രം മാഹിൻകണ്ണ് പറഞ്ഞില്ല. ഒന്നിന് പുറകെ ഒന്നായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ വെച്ചു. അന്വേഷണ സംഘം രൂപീകരിച്ച് ഒരു മാസത്തിനുള്ളിലാണ് എല്ലാവരും തള്ളിക്കളഞ്ഞ കേസ് കൊലപാതകമെന്ന് തെളിയുന്നത്.
ഫോൺ രേഖകൾ കിട്ടിയിട്ടും പോലീസ് അനങ്ങിയില്ല
ഊരൂട്ടമ്പലത്തെ വീട്ടിൽനിന്നു ദിവ്യയെയും കുഞ്ഞ് ഗൗരിയെയും മാഹിൻകണ്ണ് വിളിച്ചിറക്കികൊണ്ടുപോകുകയായിരുന്നു. ദിവ്യയെ വേളാങ്കണ്ണിയിലേക്ക് കൊണ്ടുപോയെന്നാണ് പങ്കാളി മാഹിൻ കണ്ണ് ആദ്യം ബന്ധുക്കളോടും പോലീസിനോടും പറഞ്ഞത്.
എന്നാൽ കാണാതായ ദിവസം മാഹിൻകണ്ണ് പൂവാറിലുണ്ടെന്ന ഫോൺ രേഖകൾ കിട്ടിയിട്ടും പോലീസ് അനങ്ങിയില്ല. ദിവ്യയെയും കുഞ്ഞിനെയും കാണാതായി നാലാം ദിവസം അച്ഛനും അമ്മയും മാറനല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു.
ഒന്നുമന്വേഷിക്കാതെ പോലീസ് ഇവരെ നേരെ പൂവാറിലേക്ക് പറഞ്ഞുവിട്ടു. വേളാങ്കണ്ണിയിലെ സുഹൃത്തിന്റെ വീട്ടിൽ ദിവ്യയും കുഞ്ഞിനെയും ആക്കിയിട്ടുണ്ടെന്നാണ് മാഹിൻ കണ്ണ് അന്ന് പോലീസിനോട് പറഞ്ഞത്.
മൂന്ന് ദിവസത്തിനുള്ളിൽ ഇവരെ കൊണ്ടുവരാമെന്ന് മാഹിൻ കണ്ണ് പറഞ്ഞതോടെ പൂവാർ പോലീസ് ഇയാളെ വിട്ടയച്ചു. മാഹിൻകണ്ണിന്റെ ഫോൺരേഖ പോലും പോലീസ് അന്ന് പരിശോധിച്ചില്ല.
വർഷങ്ങളായി മാറനല്ലൂർ പോലീസ് ഉഴപ്പിക്കളഞ്ഞ ഈ കേസിലെ നിർണായക വിവരങ്ങൾ മൂന്ന് വർഷം മുമ്പ് പോലീസിന് കിട്ടിയിരുന്നു. ഐഎസ് റിക്രൂട്ടിംഗിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കാണാതായവരെ കുറിച്ചുള്ള പരിശോധനയിൽ ദിവ്യയുടെ തിരോധന ഫയൽ പൊങ്ങി.
നിർണായക ഫോൺ വിവരങ്ങൾ പോലീസ് കണ്ടെടുത്തു. ദിവ്യയെ കാണാതായ ദിവസം മാഹിൻകണ്ണ് വേളാങ്കണ്ണിയിൽ പോയിട്ടില്ല. 2011 ഓഗസ്റ്റ് 18ന് വൈകീട്ട് 7.15 ന് ദിവ്യയുടെ ഫോൺ ചീനിവിളയിൽ വച്ച് സ്വിച്ച് ഓഫ് ആയി.
ആ സമയം മാഹിൻകണ്ണിന്റെ ഫോൺ ബാലാരാമപുരം പരിധിയിലായിരുന്നു. ടവർ ലൊക്കേഷൻ പ്രകാരം അന്ന് രാത്രി മാഹിൻ കണ്ണിന്റെ ഫോൺ സ്വദേശമായ പൂവാർ പരിധിയിൽ തന്നെയായിരുന്നു.
ഓഗസ്റ്റ് 18നും 19നും 20 നും പലരോടും നിരന്തരം ഫോണിൽ സംസാരിച്ച മാഹിൻ കണ്ണ് 21 ന് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. 36 മണിക്കൂറിന് ശേഷം ഫോൺ ഓണാക്കി ദിവ്യയുടെ അമ്മയെ വിളിച്ച മാഹിൻ കണ്ണ് 10 മിനുട്ട് സംസാരിച്ചു.
2019 ന് ശേഷം സജീവമായി കേസന്വേഷിച്ച പോലീസ് ഫോൺ വിളി രേഖയുടെ അടിസ്ഥാനത്തിലും മാഹിൻകണ്ണിനെ ചോദ്യം ചെയ്തു. പക്ഷേ എന്നിട്ടും ദിവ്യയും കുഞ്ഞും എവിടെയാണെന്ന് മാത്രം മാഹിൻകണ്ണ് പറഞ്ഞില്ല.
കാണാതായതിന്റെ അടുത്ത ദിവസങ്ങളിൽ അമ്മയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങൾ തമിഴ്നാട് തീരത്ത് കരയ്ക്കടിഞ്ഞിരുന്നു. അജ്ഞാത മൃതദേഹങ്ങൾ എന്ന രീതിയിൽ ഇവയുടെ ചിത്രം തമിഴ്നാട് പോലീസ് സൂക്ഷിച്ചിരുന്നു.
അമ്മയേയും കുഞ്ഞിനേയും കാണാനില്ല എന്ന വാർത്തയ്ക്കിടയിലും തമിഴ്നാട്ടിൽ കരയ്ക്കടിഞ്ഞ അജ്ഞാത മൃതദേഹങ്ങൾ പോലീസ് പരിശോധിച്ചില്ല.
തന്റെ പേര് മനുവെന്നും പറഞ്ഞ് കബളിപ്പിച്ചു
അവിവാഹിതനാണെന്നും തന്റെ പേര് മനുവെന്നാണെന്നും പറഞ്ഞ് മാഹിൻകണ്ണ് ദിവ്യയെ കബളിപ്പിച്ചുവെന്ന് പോലീസ്. മത്സ്യക്കച്ചവടക്കാരനായ മാഹിൻ കണ്ണിനെ കാട്ടാക്കട ചന്തയിൽവച്ചാണു ദിവ്യ പരിചയപ്പെടുന്നത്.
ഒരുമിച്ചു ജീവിക്കുന്നതിനിടെ ദിവ്യ പെൺകുഞ്ഞിനു ജൻമം നൽകി. പിന്നീടാണു മാഹിൻകണ്ണ് വിവാഹിതനാണെന്ന് അറിയുന്നതും ഇരുവരും വഴക്കിലാകുന്നതും. ദിവ്യയെ ഒഴിവാക്കാൻ ഭാര്യയുമായി കൂടിയാലോചിച്ചാണു മാഹിൻകണ്ണ് കൊലപാതകം ആസൂത്രണം ചെയ്തത്.