വി. മനോജ്
അങ്ങോട്ടോ…ഇങ്ങോട്ടോ… വിധി ഇന്നറിയാം. രാത്രി 12.30ന് ഉറങ്ങാതെ കാത്തിരിക്കുന്ന അര്‍ജന്റീനയുടെ ആരാധകര്‍ക്ക് ഉത്സവരാവോ അതോ അടുത്ത നാലുവര്‍ഷം വേട്ടയാടാന്‍ പോകുന്ന ദുസ്വപ്നമോ…
ഗ്രൂപ്പില്‍ ആകെ മുന്നു മത്സരങ്ങള്‍ . ആദ്യം സൗദിയോട് തോല്‍വി. ഇതോടെ പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാന്‍ രണ്ട് ‘ഫൈനല്‍ ‘ മത്സരങ്ങള്‍. ആദ്യത്തേതില്‍ മെസി മാജിക്ക് ഫലം കണ്ടു.
ഇനി രണ്ടമത്തേത്, പോളണ്ടുമായി ജയിച്ചാല്‍ അവസാന 16 ലേക്ക് ഇങ്ങ് കയറിപോര്… സൗദി അറേബ്യക്കെതിരേ 2-1 ന്റെ ഞെട്ടിക്കുന്ന വീഴ്ച. ഇതോടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് പിന്നീടുള്ള രണ്ടു ഗ്രൂപ്പ് മത്സരങ്ങളിലും വിജയിക്കേണ്ട അവസ്ഥ വന്നു മെസിയുടെ അര്‍ജന്റീനയ്ക്ക്.
കണക്കിലെ കളിക്ക് നില്‍ക്കണ്ട… കയറിപോര് മക്കളേ…
മെക്സിക്കോയ്ക്കെതിരായ മത്സരത്തില്‍ രണ്ടു ഗോളിന് വിജയിച്ചതോടെ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകു മുളച്ചു. ആദ്യ ഗോള്‍ നേടിയ മെസി ടീമിന്റെ ഉയിര്പ്പിന് ചുക്കാന്‍ പിടിക്കുകയും ചെയ്തു.
ഇതോടെ ടീമിനും ആരാധകര്‍ക്കും നഷ്ടമായ ആത്മവിശ്വാസം തിരിച്ചുകിട്ടി. ഇന്നു പോളണ്ടിനെതിരായ മത്സരത്തില്‍ കൂടി വിജയിക്കാനായാല്‍ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി തന്നെ പ്രീക്വാര്‍ട്ടറിലേക്കു പ്രവേശനം നേടാന്‍ അര്‍ജന്റീനയ്ക്കാകും. (സൗദി അറേബ്യ മെക്സിക്കോയെ വലിയ മാര്‍ജിനില്‍ തോല്പ്പിക്കാതെ ഇരുന്നാല്‍ മതി).
ഇനി പോളിഷ് സംഘത്തോട് സമനില നേടാന്‍ കഴിഞ്ഞാലും അര്‍ജന്റീനയ്ക്ക് സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. പോളണ്ടിനെതിരേ സമനില വന്നാല്‍ പോളണ്ടിനു അഞ്ചും അര്‍ജന്റീനയ്ക്ക് നാലും പോയന്റാകും.
ഇതിനൊപ്പം സൗദി – മെക്സിക്കോ മത്സരവും സമനിലയില്‍ അവസാനിച്ചാല്‍ സൗദിക്കും അര്‍ജന്റീനയെ പോലെ നാല് പോയന്റ്. എന്നാല്‍ ഈ സാഹചര്യത്തില്‍ ഗോള്‍ ആവറേജില്‍ മുന്നിലുള്ള അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ കടക്കും.
സൗദി – മെക്സിക്കോ മത്സരത്തില്‍ മെക്സിക്കന്‍ ടീം വിജയിക്കുകയും അര്‍ജന്റീന പോളണ്ടിനോട് സമനില വഴങ്ങുകയും ചെയ്താല്‍, മെക്സിക്കോ, അര്‍ജന്റീന ടീമുകള്‍ക്കു നാല് പോയന്റ് വീതം.
നിലവില്‍ + 1 ഗോള്‍ ശരാശരിയാണ് അര്‍ജന്റീനയ്ക്ക്. -2 ശരാശരി മെക്സക്കോയ്ക്കും… മൂന്നു ഗോള്‍ മാര്‍ജിനില്‍ എങ്കിലും ജയിച്ചാല്‍ മാത്രമേ മെക്സിക്കോ സംഘത്തിനു അര്‍ജന്റീനയുടെ ശരാശരി മറികടക്കാന്‍ കഴിയൂ.
പോളണ്ടിനോടു തോല്‍ക്കുക, അല്ലെങ്കില്‍ പോളണ്ടിനോട് സമനില വഴങ്ങുകയും സൗദി മെക്സിക്കോയെ തോല്‍പ്പിക്കുകയും ചെയ്താല്‍ മാത്രമേ അര്‍ജന്റീനയ്ക്ക് പുറത്തേക്ക് പോകേണ്ട അവസ്ഥ ഉണ്ടാകൂ.അതേസമയം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് രണ്ടാം റൗണ്ടിലേക്കു പോകുന്നതെങ്കില്‍ അര്‍ജന്റീനയ്ക്ക് മറ്റൊരു കനത്ത വെല്ലുവിളി അവിടെ നേരിടേണ്ടിവരും.
ആദ്യ രണ്ടുകളി ജയിച്ചുനില്‍ക്കുന്ന ചാന്പ്യന്മാരായ ഫ്രാന്‍സ് ആയിരിക്കും എതിര് ടീം. ഇന്നു പുലര്‍ച്ചെ 12.30നു പ്രതീക്ഷിക്കാം. അര്‍ജന്റീന-പോളണ്ട് തീപാറും പോരാട്ടം. ലയണല്‍ മെസി-റോബര്‍ട്ട് ലെവന്‍ഡോവ്സ്കി പോരാട്ടമായും ഇതിനെ കാണാം.