തിരുവനന്തപുരം: വിവാഹമോചിതരായ ദമ്പതിമാർക്ക് വിവാഹരജിസ്ട്രേഷൻ ചെയ്തുനൽകി തദ്ദേശ സ്വയംഭരണ വകുപ്പ്.
വിവാഹമോചനം നടന്ന് 15 വർഷം പിന്നിട്ട ശേഷമാണ് 19 വർഷം മുൻപുള്ള വിവാഹം രജിസ്റ്റർ ചെയ്തുനൽകിയത്. 2003ൽ വിവാഹിതരായ ദമ്പതിമാർ 2007ൽ വിവാഹമോചിതരായിരുന്നു.
സൈനികനായ പിതാവിൻറെ കുടുംബപെൻഷൻ ലഭിക്കാൻ മകൾക്ക് വിവാഹമോചന സർട്ടിഫിക്കറ്റിനൊപ്പം വിവാഹസർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടതായി വന്നു.
ഈ ആവശ്യം പരിഗണിച്ചാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിൻറെ പ്രത്യേക നിർദേശത്തിൽ വിവാഹം രജിസ്റ്റർ ചെയ്തുനൽകാൻ തീരുമാനമായത്.
നിലവിലെ ചട്ടത്തിലോ നിയമങ്ങളിലോ ദമ്പതിമാരുടെ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, വിവാഹമോചനത്തിന് ശേഷം രജിസ്റ്റർ ചെയ്തുനൽകുന്നതിനെക്കുറിച്ച് പരാമർശമില്ല.
സർക്കാരിൻറെ ഇടപെടലിൻറെ ഭാഗമായാണ് അനുമതി പ്രത്യേക ഉത്തരവിലൂടെ ഉറപ്പാക്കിയത്.
രാവിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫീസിലെത്തി അപേക്ഷ നൽകുകയും വൈകിട്ടോടെ വിവാഹ സർട്ടിഫിക്കറ്റ് അപേക്ഷകയ്ക്ക് ഓൺലൈനിൽ ലഭ്യമാക്കുകയും ചെയ്തു.
ജനപക്ഷത്ത് നിന്നുള്ള സർക്കാർ ഇടപെടലിൻറെ ഭാഗമാണ് നടപടിയെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
വിവാഹമോചിതയായ അപേക്ഷകയ്ക്ക് തുടർജീവിതത്തിന് പിതാവിൻറെ കുടുംബപെൻഷൻ സഹായകരമാണ്. ഇത് പരിഗണിച്ചാണ് അനുകൂലനടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി
വണ്ടാനം എസ്എൻഡിപി കമ്യൂണിറ്റി ഹാളിൽവെച്ച് 2003 ഫെബ്രുവരി രണ്ടിന് വിവാഹിതരായ ദമ്പതിമാർ ഏറ്റുമാനൂർ കുടുംബകോടതി വിധി പ്രകാരം 2007 സെപ്റ്റംബർ 14ന് വിവാഹമോചിതരായി.
വിവാഹം 2003ൽ രജിസ്റ്റർ ചെയ്തിരുന്നില്ല. സൈനികനായിരുന്ന പിതാവിൻറെ കുടുംബപെൻഷൻ ലഭിക്കുന്നതിനായി മകൾ ആർമി റെക്കോർഡ്സിൽ വിവാഹമോചനം നടന്നതിന്റെ രേഖ ഹാജരാക്കിയപ്പോൾ, വിവാഹം നടന്നതിൻറെ രേഖയും ആവശ്യപ്പെടുകയായിരുന്നു.
2008ലെ ചട്ടങ്ങൾ പ്രകാരം വിവാഹത്തിലേർപ്പെടുന്ന ഇരുകക്ഷികളും രജിസ്ട്രേഷനുള്ള അപേക്ഷയിൽ ഒപ്പിടേണ്ടതുണ്ട്.
വിവാഹമോചനം നടന്നതിന് ശേഷമായിരുന്നതിനാൽ മുൻഭർത്താവ് നേരിട്ട് ഹാജരാകാനോ, രേഖകൾ സമർപ്പിക്കാനോ തയ്യാറായില്ല.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് രജിസ്ട്രാർ രജിസ്ട്രേഷനുള്ള അപേക്ഷ തള്ളിയിരുന്നു.
ഇതേത്തുടർന്ന് അപേക്ഷകയുടെ സഹോദരൻ വിവാഹപൊതുമുഖ്യ രജിസ്ട്രാർജനറലായ തദ്ദേശ സ്വയംഭരണ (റൂറൽ) വകുപ്പ് ഡയറക്ടർക്ക് അപേക്ഷ നൽകുകയായിരുന്നു.
ദമ്പതിമാരിൽ ഒരാൾ മരിച്ചെങ്കിൽ ജിവിച്ചിരിക്കുന്ന വ്യക്തിയുടെ ഒപ്പ് രേഖപ്പെടുത്തി വിവാഹം രജിസ്റ്റർ ചെയ്ത് നൽകാനാകും.
വിവാഹമോചനം നേടിയവരുടെ വിവാഹം രജിസ്റ്റർ ചെയ്തുനൽകുന്നത് സംബന്ധിച്ച് നിയമങ്ങളോ ചട്ടങ്ങളോ കീഴ് വഴക്കങ്ങളോ ഇല്ല.
ഈ സാഹചര്യത്തിലാണ് സർക്കാരിനോട് വിഷയത്തിൽ സ്വീകരിക്കേണ്ട നടപടി തേടിയത്.