അൽഫോൻസ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ മലർ മിസായി വന്ന് ഇന്ന് തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന താരമാണ് സായ് പല്ലവി.
2008 ൽ വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ഒരു നൃത്ത പരിപാടിയിൽ പങ്കെടുത്തതോടെയാണ് കോയമ്പത്തൂർ സ്വദേശിയായ സായ് പല്ലവിയുടെ തലവര മാറുന്നത്.
പരിപാടിയിൽ വിജയിച്ച സായ് സംവിധായകൻ അൽഫോൻസ് പുത്രന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിവിൻ പോളിയുടെ നായികയാകുന്നത്.
പിന്നീട് മലയാളത്തിനു പുറമെ തമിഴിലെയും തെലുങ്കിലെയും നിരവധി മുൻനിരനായകന്മാരുടെ ജോഡിയായി അഭിനയിച്ചു.
അതേസമയം, സായ് പല്ലവിയോടൊപ്പം അഭിനയിക്കില്ലെന്ന് തെലുങ്ക് സൂപ്പർ താരമായ പവൻ കല്യാൺ പറഞ്ഞതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ഹരീഷ് ശങ്കർ സംവിധാനം ചെയ്യുന്ന പവൻ കല്യാണിന്റെ പുതിയ ചിത്രമായ ഭവദീയുഡു ഭഗത് സിംഗ് എന്ന ചിത്രത്തിൽ സായ് പല്ലവിയെ നായികയാക്കാൻ നടൻ നോ പറഞ്ഞു എന്നാണ് വിവരം.
രണ്ട് നായികമാരുള്ള ചിത്രത്തിൽ ഒരു നായികയായി പൂജ ഹെഡ്ഗെയെ തീരുമാനിച്ചു. എന്നാൽ രണ്ടാമത്തെ നടിക്കായി അണിയറപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്.
അതിനിടെയാണ് പവൻ കല്യാണിനോട് സംവിധായകൻ സായ് പല്ലവിയുടെ പേര് നിർദേശിച്ചത് എന്നാണ് അറിയുന്നത്.
എന്നാൽ, തന്റെ നായികയായി സായ് പല്ലവി വരുന്നതിൽ താരം അത്ര തൃപ്തനായിരുന്നില്ല എന്നാണ് വിവരം.
ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും, ചില റിപ്പോർട്ടുകൾ പറയുന്നത് സായ് പല്ലവിയെ ഒഴിവാക്കാൻ കാരണം ബോൾഡ് സീനുകൾ അവതരിപ്പിക്കാൻ തയാറാകാത്തത് കൊണ്ടാണെന്നാണ്.
അതേസമയം, നേരത്തെ ചില വലിയ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ സായ് പല്ലവി നിരസിച്ചിട്ടുണ്ട്.
വിജയ് ദേവ്രകൊണ്ട നായകനായ ഡിയർ കോമ്രേഡ്, മഹേഷ് ബാബുവിന്റെ സരിലേരു നികെവ്വരു, പവൻ കല്യാൺ ഭീംല നായക് തുടങ്ങിയ ചിത്രങ്ങളാണ് സായ് പല്ലവി നിരസിച്ചിട്ടുള്ളത്.
അതാണോ നടന്റെ നോ പറയലിന് പിന്നിലെന്ന് ആരാധകർ സംശയിക്കുന്നുണ്ട്. അടുത്തിടെ ചിരഞ്ജീവിയുടെ സിനിമയിലേക്കുള്ള ഓഫറും നടി നിരസിച്ചിരുന്നു .
ഭോല ശങ്കർ എന്ന സിനിമയിൽ സഹോദരിയുടെ വേഷമായിരുന്നു താരത്തിന്. പിന്നീട് ഒരു പരിപാടിക്കിടെ, ചിത്രം നിരസിച്ചതിനെക്കുറിച്ച് ചിരഞ്ജീവി തന്നെ സായ് പല്ലവിയോട് ചോദിച്ചിരുന്നു.
അദ്ദേഹത്തിന്റെ നായികയായി അഭിനയിക്കാനാണ് ആഗ്രഹം എന്നാണ് അന്ന് സായ് പല്ലവി ചിരിയോടെ പറഞ്ഞത്.