കോട്ടയം: കോണ്ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ വിദ്യാഭ്യാസ സ്ഥാപനത്തിൽ എത്തിക്കുന്നതിനായി കൈക്കൂലി വാങ്ങാൻ ശ്രമിച്ചെന്ന് ആരോപണം. ജില്ലയിലെ യൂത്ത് കോണ്ഗ്രസിന്റെ പ്രമുഖ നേതാവിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്.
ശനിയാഴ്ച പാലായിലും ഈരാറ്റുപേട്ടയിലും വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ശശി തരൂർ എത്തുന്നുണ്ട്. ഇതിനിടയിൽ രണ്ടു മണിക്കൂർ പ്രഭാഷണത്തിനായി തരൂരിനെ എത്തിക്കാമെന്നു പറഞ്ഞ് പാലായിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമകളോട് നേതാവ് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആക്ഷേപം.
ശശി തരൂരിനെ സ്ഥാപനത്തിൽ എത്തിക്കാമെന്നും ഇദ്ദേഹം രണ്ടു മണിക്കൂർ കുട്ടികളുമായി സംവാദവും പ്രഭാഷണവും നടത്തുമെന്നും ഇത് സ്ഥാപനത്തിനു ഒരു 20 വർഷത്തേക്കുള്ള പ്രശസ്തിക്ക് ഉതകുമെന്നും ഇതിനായി അഞ്ചു ലക്ഷം രൂപ നൽകണമെന്നുമാണ് നേതാവ് ആവശ്യപ്പെട്ടതത്രെ.
വിദ്യാഭ്യാസ സ്ഥാപന ഉടമകൾ ഇക്കാര്യത്തിൽ ആലോചിച്ച് തീരുമാനം പറയാമെന്ന മറുപടിയാണ് നൽകിയത്.ജില്ലയിലെ പ്രമുഖ യൂത്ത് കോണ്ഗ്രസ് നേതാവും ഇദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്ന അഞ്ചു ഭാരവാഹികളുമാണ് പണം ചോദിച്ച് വിദ്യാഭ്യാസ സ്ഥാപനത്തിലെത്തിയതെന്നു പറയുന്നു.
ശശി തരൂർ പങ്കെടുക്കുന്ന ഈരാറ്റുപേട്ടയിലെ യൂത്ത് കോണ്ഗ്രസ് സമ്മേളനം വിവാദമായതോടെ ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം പാലായിൽ ചേർന്ന യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി യോഗത്തിലാണ് കോട്ടയത്തുനിന്നുള്ള നേതാക്കൾ കൈക്കൂലി വിവാദം ഉന്നയിച്ചത്.
വലിയ വാഗ്വാദങ്ങളും ഒച്ചപ്പാടുകളുംജില്ലാ കമ്മിറ്റി യോഗത്തിലുണ്ടായി.സംഘടനയുടെ പ്രവർത്തനത്തിന് ഫണ്ട് സമാഹരണം നടത്താനായിരുന്നു തന്റെ ശ്രമമെന്നായിരുന്നു നേതാവിന്റെ വിശദീകരണം.
ആരോപണ പ്രത്യോരോപണങ്ങൾ രൂക്ഷമായതോടെ യോഗം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. ഉന്നത നേതാവിനെതിരെ യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മറ്റിയിലെ ഒരുവിഭാഗം സംസ്ഥാന, കേന്ദ്ര നേതൃത്വത്തിനു പരാതി നൽകിയിട്ടുണ്ട്.
യൂത്ത് കോണ്ഗ്രസ് ഈരാറ്റുപേട്ടയിൽ ശശി തരൂരിനെ സംഘടിപ്പിച്ച് നടത്തുന്ന സമ്മേളനം വിവാദമായിരിക്കുന്നതിനു പിന്നാലെയാണ് പുതിയ വിവാദം.