ആലപ്പുഴ: കാണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്നു കെ.കെ. മഹേശന്റെ മരണത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മാനേജർ കെ.എൽ. അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ.
ഗൂഢാലോചന, ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആലപ്പുഴ ജൂഡീഷൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് കേസ് എടുത്തത്.
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ കെ.കെ. മഹേശനെ പ്രതിയാക്കിയതിന് പിന്നിൽ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, കെ.എൽ. അശോകൻ എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
പ്രതികൾ മഹേശനെ മാനസിക സമ്മർദത്തിലാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. മഹേശന്റെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി. മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം ആരോപിക്കുന്നു.
സുഭാഷ് വാസു അടക്കമുള്ള എസ്എൻഡിപിയുടെ ശത്രുക്കളാണ് മാനസികമായി പീഡിപ്പിച്ച് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് വെള്ളാപ്പള്ളിയുടെ ആവശ്യം. 2020 ജൂൺ 23നാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനകത്ത് കെ.കെ. മഹേശനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു.