ടെഹ്റാന്: ഖത്തറില്‍ നടക്കുന്ന ഫിഫാ ലോകകപ്പില്‍ നിന്ന് ഇറാന് ടീം പുറത്തായത് ആഘോഷിച്ച യുവാവിനെ സുരക്ഷാസേന വധിച്ചു.
അമേരിക്കയുമായുള്ള ഇറാന്റെ തോല്‍വി ആഘോഷിച്ചെന്നാരോപിച്ചാണ് മെഹ്റാന് സമാക്(27) എന്ന യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയത്.
രാജ്യത്തിന്റെ പ്രഖ്യാപിത ശത്രുക്കളായ അമേരിക്കയുമായുള്ള തോല്‍വി ആഘോഷിക്കുന്ന ഇറാന് ജനതയുടെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
പടക്കം പൊട്ടിച്ചും തെരുവില്‍ നൃത്തം ചവിട്ടിയും വാഹനങ്ങളിലെ ഹോണ്‍ ഉച്ചത്തില്‍ മുഴക്കിയുമെല്ലാമാണ് സ്വന്തം രാജ്യത്തിന്റെ പരാജയം അവര്‍ ആഘോഷിച്ചത്.
ഹിജാബ് ശരിയായ വിധത്തില്‍ ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനിയുടെ മരണത്തിന് പിന്നാലെ രാജ്യത്തെ ജനങ്ങള്‍ ഭരണകൂടത്തിനെതിരെ പ്രതിഷേധം തുടരുകയാണ്.
രാജ്യം ഏറെ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുന്നതിനിടെ ഇറാന് ടീം ലോകകപ്പില്‍ പങ്കെടുത്തതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ ഭരണകൂടത്തോടുള്ള പ്രതിഷേധസൂചകമായി ഇറാന് ടീം ദേശീയ ഗാനം ആലപിച്ചിരുന്നില്ല.