വിവാഹദിവസം പോലും ബോഡി ഷെയിമിംഗ് നേരിടേണ്ടി വന്നെന്ന് നടി മഞ്ജിമ മോഹൻ.
നവംബർ 28നായിരുന്നു മഞ്ജിമയുടെയും നടൻ ഗൗതം കാർത്തിക്കിന്റെയും വിവാഹം. സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച ചിത്രങ്ങളിൽ പോലും ധാരാളം കമന്റുകൾ ബോഡി ഷെയിമിംഗിനെക്കുറിച്ച് ഉണ്ടായിരുന്നുവെന്ന് നടി തുറന്നു പറഞ്ഞു.
മറ്റുള്ളവര്‍ തന്റെ ശരീരത്തെ ഓർത്ത് ഇത്രയധികം വ്യാകുലപ്പെടുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
വിവാഹദിവസം പോലും ബോഡിഷെയിമിംഗ് നേരിടേണ്ടി വന്നു. എന്റെ ശരീരത്തില്‍ ഞാന്‍ സന്തുഷ്ടയാണ്.
ഭാരം കുറയ്ക്കണമെന്ന് തോന്നിയാല്‍ എനിക്ക് അത് സാധിക്കുമെന്നും എനിക്കറിയാം. എന്റെ ജോലിയുമായി ബന്ധപ്പെട്ട് എനിക്ക് ശരീരഭാരം കുറയ്ക്കേണ്ടി വന്നാല്‍ ഞാന്‍ അതു ചെയ്യുക തന്നെ ചെയ്യും.
ഇതൊക്കെ എന്നെ മാത്രം ബാധിക്കുന്ന വിഷയങ്ങളാണ്. മറ്റുള്ളവര്‍ അതോര്‍ത്ത് ആശങ്കപ്പെടേണ്ട ആവശ്യമില്ല. മഞ്ജിമ പറയുന്നു.
ദേവരാട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ബാലതാരമായി അഭിനയരംഗത്ത് സജീവമായി പിന്നീട് നായികയായും തിളങ്ങിയ മഞ്ജിമ മോഹൻ പ്രശസ്ത ഛായാഗ്രാഹകനായ വിപിൻ മോഹന്റെ മകളാണ്.
കളിയൂഞ്ഞാൽ എന്ന മമ്മൂട്ടി ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. മയിൽപ്പീലിക്കാവ്, സാഫല്യം, പ്രിയം തുടങ്ങിയ സിനിമകളിലെ മഞ്ജിമയുടെ പ്രകടനം ഏറെ ശ്രദ്ധനേടി.
പിന്നീട് 2015ൽ ജി.പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫി എന്ന സിനിമയിലൂടെ നിവിൻ പോളിയുടെ നായികയായി എത്തി.
നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. പഴയകാല നടൻ മുത്തുരാമന്റെ ചെറുമകൻ കൂടിയാണ്. മണിരത്നം ചിത്രം കടലിലൂടെയായിരുന്നു അരങ്ങേറ്റം. എ.ആർ. മുരുഗദോസ് നിർമിക്കുന്ന ഓഗസ്റ്റ് 16 1947 ആണ് പുതിയ പ്രോജക്ട്. കൂടാതെ സിമ്പു നായകനാകുന്ന ഏറ്റവും പുതിയ സിനിമ പത്തുതലയിലും ശ്രദ്ധേയ വേഷത്തിൽ ഗൗതം കാർത്തിക്ക് എത്തും.