ഛത്തീസ്ഗഢില്‍ പത്തുദിവസം മുമ്പ് കാണാതായ ബാങ്കുജീവനക്കാരിയുടെ മൃതദേഹം കാടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.
തനു കുറെ (26) എന്ന യുവതിയെയാണ് മരിച്ച നിലയില്‍ ഒഡിഷയിലെ വനത്തില്‍ വച്ച് കണ്ടെത്തിയത്. പാതി കത്തിക്കരിഞ്ഞ നിലയില്‍ ഒഡിഷയിലെ ബാലംഗീറിലെ കാട്ടിനുള്ളിലാണ് മൃതദേഹം കിടന്നത്.
ഛത്തീസ്ഗഢ് കോര്‍ബ സ്വദേശിനിയാണ് തനു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആണ് സുഹൃത്ത് സച്ചിന് അഗര്‍വാളിനെ (30) പോലീസ് കസ്റ്റഡിയില്‍ എടുത്തു.
യുവതി വെടിയേറ്റാണ് മരിച്ചതെന്നും മൃതദേഹം ഇതിന് ശേഷം കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
റായ്പുരിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയായിരുന്നു തനു. നവംബര്‍ 21 മുതലാണ് ഇവരെ കാണാതായത്.
സച്ചിനൊപ്പം തനു ഒഡിഷയിലേക്ക് പോയെന്നായിരുന്നു ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ബന്ധുക്കള്‍ 22-ാം തീയതി കാണാനില്ലെന്ന് പോലീസില്‍ പരാതി നല്കി.
ഛത്തീസ്ഗഢ് പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ഒഡിഷയിലെ വനത്തിനുള്ളില്‍ പാതി കത്തിയ നിലയില്‍ യുവതിയുടെ മൃതദേഹം കിടക്കുന്നതായി വിവരം ലഭിച്ചത്.
പോലീസ് ഇവിടെ എത്തി മൃതദേഹം തനുവിന്റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. യുവതിയെ വെടിവച്ച് കൊന്നതാണെന്നും തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതെന്നും പോലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത സച്ചിനെ ചോദ്യം ചെയ്യുകയാണ്.