കൊച്ചി: സംവിധായകൻ ഹേമന്ത് ജി. നായരുടെ ഹിഗ്വിറ്റ എന്ന സിനിമയ്ക്ക് ആ പേരു നൽകുന്നത് വിലക്കി ഫിലിം ചേംബർ. സിനിമയുടെ പേരിനു മാത്രമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഹിഗ്വിറ്റ എൻ.എസ്. മാധവന്റെ പ്രശസ്തമായ ചെറുകഥയാണ്. എൻ.എസ്. മാധവനിൽനിന്ന് അനുമതി വാങ്ങാൻ ഫിലിം ചേംബർ നിർദേശിച്ചു.ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതിനു പിന്നാലെയാണ് എൻ.എസ്. മാധവൻ പ്രതികരിച്ചത്. ’മലയാള സിനിമ എക്കാലവും എഴുത്തുകാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ.
അനേകം തലമുറകൾ അവരുടെ സ്കൂൾ തലത്തിൽ പഠിച്ച എന്റെ കഥയുടെ തലക്കെട്ടിൽ എനിക്കുള്ള അവകാശം മറികടന്നുകൊണ്ട് ഒരു സിനിമ ഇറങ്ങുന്നു.
ഒരു ഭാഷയിലെയും ഒരു എഴുത്തുകാരനും എന്റെയത്ര ക്ഷമിച്ചിരിക്കില്ല. എഴുത്തുകാരൻ എന്ന നിലയിൽ എനിക്ക് ഇത്രയേ പറയാനുള്ളൂ, ഇത് ദു:ഖകരമാണ്’- എന്നായിരുന്നു എൻ.എസ്. മാധവന്റെ ട്വീറ്റ്.
ഇതിനു പിന്നാലെ കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ. സച്ചിദാനന്ദൻ എൻ.എസ്. മാധവനെ പിന്തുണച്ച് പ്രതികരിച്ചിരുന്നു. ഹിഗ്വിറ്റ എന്നത് മലയാളി വായനക്കാരെങ്കിലും അറിയുന്നത് എൻ.എസ്. മാധവന്റെ കഥയിലൂടെയാണ്.
പേരിൽ മറ്റൊരു കഥ പറയുന്ന സിനിമ ഇറങ്ങുന്നതിൽ അനീതിയുണ്ടെന്നാണ് കെ. സച്ചിദാനന്ദൻ പറഞ്ഞത്.അതേസമയം, ഹിഗ്വിറ്റ എന്ന സിനിമയ്ക്ക് എൻ.എസ്. മാധവന്റെ പുസ്തകവുമായി ഒരു ബന്ധവുമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ ഹേമന്ത് ജി. നായർ കൊച്ചിയിൽ പറഞ്ഞു.
പൊളിറ്റിക്കൽ ത്രില്ലറായ സിനിമയുടെ കഥയിൽ പ്രതീകമെന്ന നിലയിലാണ് ഈ പേരിട്ടത്. താൻ ഏറെ ബഹുമാനിക്കുന്ന എഴുത്തുകാരനാണ് എൻ.എസ്. മാധവനെന്നും അദ്ദേഹത്തെ നേരിൽ കാണാൻ ശ്രമിക്കുമെന്നും ഹേമന്ത് പറഞ്ഞു.
സെക്കൻഡ് ഹാഫ് പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് മാംഗോസ് എൻ കോക്കനട്ട്സിന്റെ ബാനറിൽ ബോബി തര്യൻ, സജിത് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്നത്. 2019 ൽ ചിത്രീകരണം തുടങ്ങിയ ചിത്രം ഈ മാസം അവസാനത്തോടെ റിലീസിന് എത്തും.